മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ നോട്ടിസ്
പുല്‍പ്പള്ളി: താഴെയങ്ങാടിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടിസ് നല്കി. ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതും ചീഞ്ഞതുമായ മത്സ്യം വില്പന നടത്തിയെന്ന പരാതിയിലും പ്രസ്തുത മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് നടപടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പുല്‍പ്പള്ളി സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതര്‍ വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കിയത്. ഇന്നലെ നടന്ന പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം.
ഇന്നലെ വൈകുന്നേരം അഞ്ചിന് മുമ്പായി മത്സ്യ സ്റ്റാളുകള്‍ അടച്ചുപൂട്ടാനും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യ സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 10917 പ്രകാരമുള്ള ഉത്തരവ് പ്രകാരം അറിയിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങിയ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റില്‍ പരിശോധന നടത്താനോ നടപടിയെടുക്കാനോ പഞ്ചായത്ത് അധികൃതര്‍ തയാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."