സഹകരണ സംഘം മെഡിക്കല്‍ സ്റ്റോറിലെ തട്ടിപ്പ്: ഫാര്‍മസിസ്റ്റ് അറസ്റ്റില്‍
മാവേലിക്കര: മാവേലിക്കര ഗവണ്മെന്റ് സര്‍വന്റ്സ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 792 നീതി മെഡിക്കല്‍ സ്റ്റോറില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭത്തില്‍ ഫാര്‍മസിസ്റ്റ് അറസ്റ്റിലായി.
കണ്ണമംഗലം ഈരേഴവടക്ക് വൃന്ദാവനത്തില്‍ പി.എസ്.ജയകൃഷ്ണന്റെ ഭാര്യ വി.കെ.ബിന്ദുവാണ് അറസ്റ്റിലായത്. മെഡിക്കല്‍ സ്റ്റോറിലെ 2016-17, 2017-18 വര്‍ഷത്തെ കണക്കുകളില്‍ ക്രിതൃമംകാട്ടി 14,30,794.85 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
കംപ്യൂട്ടറില്‍ നിന്നും വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ ഇല്ലാതാക്കിയും ചില രേഖകള്‍ ഉള്‍പ്പെടുത്താതെയുമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഓഡിറ്റിംഗില്‍ കൃതൃമം നടത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സഹകരണ സംഘം നിയമം 66 പ്രകാരം ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറിന്റെ നിര്‍ദ്ദേശപ്രകാരം മാവേലിക്കര അസി.രജിസ്ട്രാര്‍ ഓഫിസിലെ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പൂര്‍ണരൂപം വ്യക്തമായത്.
തുടര്‍ന്ന് ആലപ്പുഴ എസ്പിയ്ക്ക് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് ഇവര്‍ അറസ്റ്റിലായത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."