രാജ്യസഭ: യെച്ചൂരിയെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ്; പിന്തുണ സ്വീകരിക്കുന്നത് ആത്മഹത്യാപരമെന്ന് സി.പി.എം
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്. യെച്ചൂരി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് സി .പി .എമ്മിനെ അറിയിച്ചിട്ടുണ്ട്.
ഈ മാസം അഞ്ചിന് സീതാറം യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യസഭയിലേക്ക് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്. യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയില്‍ രാജ്യസഭയിലെത്തുന്നത് ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗം നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസുമായുള്ള നീക്കുപോക്കുകള്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ക്ഷീണം ചെയ്യുമെന്നാണ് കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ സ്വീകരിക്കുന്ന നിലപാട്. അതേസമയം തന്നെ യെച്ചൂരിക്ക് രണ്ടുതവണയില്‍ കൂടുതല്‍ സീറ്റ് നല്‍കേണ്ടെന്ന മാനദണ്ഡവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജ്യസഭാംഗമാകുന്നത് ശരിയല്ലെന്ന നിലപാടും തടസമായിനില്‍ക്കുന്നുമുണ്ട്.
സി.പി.എം കീഴ്‌വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി അംഗത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പാര്‍ട്ടിയെ രാജ്യസഭയില്‍ പ്രതിനിധീകരിക്കുന്നുവെന്ന കീഴ്‌വഴക്കം നേരത്തെ ഉണ്ടായിരുന്നില്ല. രാജ്യസഭാ പ്രതിനിധിയായ ശേഷമാണ് യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായതെന്നും സീറ്റ് നഷ്ടപ്പെടാതിരിക്കാനാണ് തല്‍സ്ഥാനത്ത് തുടര്‍ന്നതെന്നുമായിരുന്നു സി.പി.എം ഇതുവരെ വാദിച്ചിരുന്നത്. എന്നാല്‍, യെച്ചൂരിയല്ലാതെ മറ്റാരെങ്കിലുമാണ് സി.പി.എമ്മില്‍ നിന്ന് മത്സരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കുമോയെന്ന കാര്യവും വ്യക്തമല്ല.
അതേസമയം, കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്നുവെച്ചാല്‍ രാജ്യസഭയില്‍ സി.പി.എം പ്രാതിനിധ്യം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും . 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എം.എല്‍.എമാര്‍ മാത്രമാണ് സി.പി.എമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ സിപിഎമ്മിന് സ്വന്തംനിലയില്‍ കഴിയില്ല.
ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും. അതേസമയം, 44 എംഎല്‍എമാരുളള കോണ്‍ഗ്രസും 26 പേരുള്ള സിപിഎമ്മും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ബാക്കിയുള്ള ഏക സീറ്റും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കും. ബംഗാളില്‍ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും ചേര്‍ന്ന ഇടതുപക്ഷത്തിന് 32 സീറ്റുകള്‍ മാത്രമാണുള്ളത്.
ഈ അവസ്ഥയില്‍ കേരളത്തിലെ അംഗങ്ങളുടെ നിലപാട് തള്ളി യെച്ചൂരിയെ തന്നെ ഗോദയിലിറക്കി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാ സീറ്റ് നിലനിര്‍ത്താനുള്ള ശ്രമം പാര്‍ട്ടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സി പി എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."