എടച്ചേരി-ഇരിങ്ങണ്ണൂര്‍ റോഡ് നിര്‍മാണം; കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി റോഡ് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും
എടച്ചേരി: ഏറെക്കാലമായി വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന എടച്ചേരിയിലെ പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് പ്രവൃത്തി ഉടന്‍ പുനരാരംഭിക്കും. ഇതിനുവേണ്ടി റോഡിനിരുവശങ്ങളിലുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി തുടങ്ങി.
പുതിയങ്ങാടി ടൗണിലെ ഇരിങ്ങണ്ണൂര്‍ റോഡ് കവലയിലെ ഒരു ഭാഗത്തുള്ള കെട്ടിടങ്ങളാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇ.കെ വിജയന്‍ എം.എല്‍.എയുടെ വികസന ആസ്തി ഫണ്ടില്‍ നിന്നു രണ്ടുകോടി രൂപ ഈ റോഡിനായി അനുവദിച്ചത്. എന്നാല്‍ റോഡ് നിര്‍മാണത്തിനു വേണ്ടി സ്ഥലം അളവെടുപ്പ് തുടങ്ങിയതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
റോഡ് ആരംഭിക്കുന്ന പുതിയങ്ങാടി ടൗണില്‍ നിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതും എല്ലായിടങ്ങളിലും തുല്യമായ അളവ് പാലിക്കാത്തതും ചിലര്‍ അംഗീകരിച്ചില്ല. മോട്ടോര്‍ തൊഴിലാളികളുടെ റോഡ് ഉപരോധസമരം ഉള്‍പ്പെടെ നിരവധി തര്‍ക്കങ്ങളും വിവാദങ്ങളും ഈ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്നു. സ്വകാര്യവ്യക്തിയുടെ വീട്ടുമതിലില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ സംഭവവും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു.
ഒടുവില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷികളും പഞ്ചായത്ത് അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി പുതിയങ്ങാടി ടൗണില്‍ നിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും എല്ലാ സ്ഥലത്തും പത്തു മീറ്ററില്‍ വീതികൂട്ടാനും ധാരണയായിരുന്നു. തുടര്‍ന്ന് കച്ചവടക്കാരുടെയും കെട്ടിട ഉടമകളുടെയും യോഗം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വീണ്ടും വിളിച്ചുകൂട്ടി.
ഉടമകളോട് അവരുടെ കെട്ടിടങ്ങള്‍ പൊളിച്ചു പിന്നിലേക്കു മാറ്റിപ്പണിയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ മാസം 20നുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനായിരുന്നു ധാരണ.
ഇന്നലെ രാത്രിയാണ് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ഇതോടെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന എടച്ചേരി-ഇരിങ്ങണ്ണൂര്‍ റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പുനരാരംഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."