സ്വയംപര്യാപ്തതയുടെ മാതൃകകള്‍ പിന്തുടരണം
കൊവിഡാനന്തരം ലോകത്ത് 50 കോടി ജനങ്ങള്‍ പട്ടിണിയിലാവുമെന്നാണ് കണക്കുകള്‍. കൂടാതെ തൊഴിലില്ലായ്മയും രൂക്ഷമാകും. പട്ടിണി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ യു.എന്നും അനുബന്ധ ഏജന്‍സികളും ഭരണകൂടങ്ങളോട് നിര്‍ദേശിക്കുകയുണ്ടായി. സ്വയംപര്യാപ്തത നേടുന്ന രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മാത്രമേ കൊവിഡാനന്തര കാലത്ത് അതിജീവിക്കാന്‍ പറ്റൂ എന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ രാജ്യവും സംസ്ഥാനങ്ങളും ജില്ലയും എന്തിനേറെ ഓരോ കുടുംബംപോലും സ്വയംപര്യാപ്തത നേടിയെടുക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. ഉല്‍പാദന മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സ്വദേശവല്‍ക്കരിക്കാനുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. അതില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍ നമുക്ക് സാധ്യമല്ല എന്ന തിരിച്ചറിവ് അനിവാര്യമാണ്.
ബ്രിട്ടിഷുകാര്‍ ഇന്ത്യയെ കേവലം ഒരു മാര്‍ക്കറ്റ് മാത്രമായി കണ്ടിരുന്നതിനാല്‍ സ്വാതന്ത്ര്യാനന്തരം രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വഴിനടത്തുകയായിരുന്നു ഭരണാധികാരികളുടെ മുന്നിലെ പ്രധാന വെല്ലുവിളി. രാജ്യത്ത് കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുകയാണെന്ന് തിരിച്ചറിഞ്ഞ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഇവ പരിഹരിക്കാന്‍ ഏറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ബര്‍മ്മയില്‍നിന്നും അമേരിക്കയില്‍നിന്നും അരിയും ഗോതമ്പുമായി വരുന്ന കപ്പല്‍ നമ്മുടെ തീരത്ത് എത്തുന്നതും നോക്കി നെടുവീര്‍പ്പിടുന്ന ജനങ്ങളെയാണ് സ്വതന്ത്ര ഭാരതം കാണുന്നത്. 1950ല്‍ പ്ലാനിങ് കമ്മിഷന്‍ രൂപീകരിക്കുകയും അടുത്ത വര്‍ഷം തന്നെ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിക്കുകയും ചെയ്തു. പദ്ധതിയില്‍ പ്രഥമ പരിഗണന കൃഷിക്ക് നല്‍കുകയും ചെയ്തു. 1960 കളില്‍ ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുകയും ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ഭക്ഷണ കാര്യത്തില്‍ നാം സ്വയംപര്യാപ്തത നേടിയെടുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ ഏകദേശം 135 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്കെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുള്ള രാജ്യമായി ഇന്ത്യ മാറിയത് ചെറിയ കാര്യമല്ല. സ്വയംപര്യാപ്തത എന്ന ആശയം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കൊണ്ടുവന്ന നെഹ്‌റുവിയന്‍ ആശയം ഇന്ന് കൂടുതല്‍ പ്രസക്തമാണ്.
സ്വയംപര്യാപ്തതാ സാധ്യതകള്‍
ഇന്ത്യ ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ്. ഇതിനെ പലപ്പോഴും നെഗറ്റീവ് വളര്‍ച്ചയായിട്ടാണ് നമ്മള്‍ തന്നെ കാണുന്നത്. മനുഷ്യവിഭവശേഷി ഒരു പോസിറ്റീവ് ഘടകമായും ഡിമാന്റുള്ള ഒന്നായും മറ്റു വികസിത രാജ്യങ്ങള്‍ കാണുമ്പോള്‍ നമ്മുടെ മനോഭാവം മാറ്റാന്‍ തയാറാവുകയാണ് ആദ്യം വേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാര്‍ക്കറ്റാണ് ഇന്ത്യയെന്ന് തിരിച്ചറിയണം. നമ്മുടെ വിഭവശേഷി കൃത്യമായി ഉപയോഗപ്പെടുത്താന്‍ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ദാരിദ്ര്യ നിര്‍മാര്‍ജനം, എല്ലാവര്‍ക്കും പാര്‍പ്പിടം ഉള്‍പ്പെടെയുള്ള നമ്മുടെ പ്രാഥമിക ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ജനങ്ങളെ ആസൂത്രിതമായി ഉപയോഗപ്പെടുത്തിയാല്‍ എളുപ്പത്തില്‍ ഫലപ്രാപ്തി സാധ്യമാവും. ഒരു വസ്തു ഉല്‍പ്പാദിപ്പിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട വസ്തുക്കള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുക എന്നത് വളരെ പ്രയാസകരമാണ്. ഈ സൗകര്യം നമ്മുടെ കൈവശമുള്ളപ്പോള്‍ നാം എന്തിന് ഭയപ്പെടണം?
കൊവിഡിന് ശേഷം ലോകം ഒരു പുതിയ ലോകക്രമത്തിലേയ്ക്ക് നീങ്ങാന്‍ സാധ്യത കൂടുതലാണ്. രാജ്യങ്ങള്‍ക്ക് വികസിതമെന്നും വികസ്വരമെന്നും അവികസിതമെന്നും പേരിട്ടിരിക്കുകയാണ്. എന്നാല്‍ നിലവിലെ മഹാമാരിക്ക് ശേഷം ഈ വികസന കാഴ്ചപ്പാടുകള്‍ തകിടംമറിക്കാന്‍ പ്രയാസമില്ല. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ കൊവിഡിനു മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണ്.
സ്വയംപര്യാപ്തതയുടെ വാതിലുകള്‍ കേരളത്തിനു മുന്നിലും തുറന്നിട്ടിരിക്കുന്നു. കേരളം അറിയപ്പെടുന്നത് തന്നെ ഉപഭോക്തൃ സംസ്ഥാനം എന്നാണല്ലോ. അതിനാല്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ പ്രയാസമില്ല. ഭരണാധികാരികള്‍ തയാറായാല്‍ ഈ സാഹചര്യം അനുകൂലമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് ഇവിടെ തന്നെ മാര്‍ക്കറ്റ് കണ്ടെത്താനും പെട്രോളിയം ഉല്‍പന്നങ്ങള്‍ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കൂട്ടാനും ഭരണാധികാരികള്‍ തയാറായാല്‍ ഈ അവസരം ഉപയോഗപ്പെടുത്തി ലോകരാജ്യങ്ങളില്‍ ഒന്നാമതാവാന്‍ നമുക്ക് കഴിയും എന്നതില്‍ സംശയമില്ല.
സാങ്കേതികരംഗത്ത് കുതിച്ചുചാട്ടം നടത്തിയത് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ കാലത്തെ പോളിയോ വാക്‌സിന്‍ പദ്ധതി എടുത്ത് പറയേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് പോളിയോ മരുന്നിന് വേണ്ടി കാത്തിരുന്ന നമ്മള്‍ ഇപ്പോള്‍ ലോകത്ത് പോളിയോ വാക്‌സിന്‍ നിര്‍മാണ രംഗത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. സ്വയംപര്യാപ്തതയുടെ ഉദാഹരണങ്ങളായ നെഹ്‌റുവിന്റെ കാലത്തെ ഹരിത വിപ്ലവവും രാജീവ് ഗാന്ധിയുടെ പോളിയോ വാക്‌സിന്‍ പദ്ധതിയും മാതൃകകളാക്കി, പുതിയ ലക്ഷ്യങ്ങളുമായി മുന്നേറേണ്ടിയിരിക്കുന്നു. ഇത് രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന് തൊഴില്‍ മേഖലയിലേക്ക് കടക്കാനുള്ള വഴി കൂടിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."