ഹെവി വളയം പിടിക്കാന്‍ വളയിട്ട കൈകള്‍! ഫാരിസ് പാവിട്ടപ്പുറം
ചങ്ങരംകുളം: ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാരാകാനൊരുങ്ങി വനിതകള്‍. ജില്ലയില്‍ ഓട്ടോറിക്ഷകളില്‍ മുതല്‍ ബസുകളില്‍വരെ ഡ്രൈവിങ് സീറ്റില്‍ വനിതാ സാരഥ്യമുള്ള സമയത്താണ് ഇതേ മേഖലയില്‍ സര്‍ക്കാര്‍ പുത്തന്‍ ആശയങ്ങള്‍ തേടുന്നത്.
മണ്ണുമാന്തി യന്ത്രങ്ങള്‍, കണ്ടെയ്‌നര്‍ ലോറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളില്‍ വളയം പിടിക്കാന്‍ വനിതകളെ രംഗത്തിറക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ഹെവി ഡ്രൈവര്‍മാരാകാന്‍ ഒട്ടേറെ വനിതകള്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളാ അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) സൗജന്യമായാണ് സത്രീകളെ ഹെവി ഡ്രൈവര്‍മാരാക്കാന്‍ പരിശീലിപ്പിക്കുന്നത്.
കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ആദ്യഘട്ടത്തില്‍ 100 പേരുടെ പരിശീലനം ഉടന്‍ ആരംഭിക്കും. ഇതിനായി വനിതകളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ തയാറുള്ള അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളില്‍നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. എല്ലാ ബ്ലോക്കുകളിലും ഡ്രൈവിങ് പരിശീലനത്തിലാണ് കെ.എ.എസ്.ഇ വഴി കുടുംബശ്രീ നടപടിയെടുക്കുന്നത്. മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവിങ് ലൈസന്‍സിനു യോഗ്യരായ വനിതകളെയാണു പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. ഡ്രൈവിങ് പരിശീലനം മുതല്‍ ലൈസന്‍സ് എടുക്കുന്ന ഘട്ടംവരെ സൗജന്യമായാണ് പരിശീലിപ്പിക്കുന്നത്.
ഒരു വനിതയെ ഡ്രൈവിങ് പഠിപ്പിച്ചു ലൈസന്‍സ് എടുക്കുന്ന ഘട്ടംവരെ പരമാവധി 6,600 രൂപ ചെലവഴിക്കാനുള്ള ഫണ്ട് കെ.എ.എസ്.ഇ നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്കു തൊഴില്‍ കണ്ടെത്താനും കുടുംബശ്രീ സഹായിക്കും. ആവശ്യമെങ്കില്‍ ഡ്രൈവിങ് മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കു വായ്പയും ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."