ഹജ്ജ് വിമാന ഷെഡ്യൂള്‍ പൂര്‍ത്തിയായി
കൊണ്ടോട്ടി: ഇന്ത്യയിലെ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകളുടെ ഷെഡ്യൂള്‍ ക്രമീകരണം കേന്ദ്ര വ്യോമയാന മന്ത്രാലയം പൂര്‍ത്തിയാക്കി. രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സഊദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തിയാണ് സമയ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ 10 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ നേരിട്ട് മദീനയിലേക്കും 11 ഇടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും പുറപ്പെടും. ഇതില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദവഴിയും മദീന വഴിയും തീര്‍ഥാടകര്‍ യാത്രയാകും. കരിപ്പൂര്‍, നെടുമ്പാശ്ശേരി, ബംഗളൂരു, ഡല്‍ഹി, ഗയ, ഗോവ, ഗുവാഹത്തി, മംഗളൂരു, മുംബൈ, ശ്രീനഗര്‍ എന്നിവടങ്ങളില്‍ നിന്നാണ് വിമാനം മദീനയിലേക്ക് പോവുക. ഇവരുടെ മടക്കം ജിദ്ദ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവര്‍ മദീന സന്ദര്‍ശനം കഴിഞ്ഞതിന് ശേഷമാണ് ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തുക.
അഹമ്മദാബാദ്, ഔറംഗാബാദ്, ഭോപ്പാല്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, റാഞ്ചി, വാരണാസി എന്നിവിടങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ ജിദ്ദയിലേക്കും പോകും. ഇവരുടെ മടക്ക യാത്ര മദീന വഴിയായിരിക്കും. ഹജ്ജ് കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പോവുക. കേരളത്തിലെ ആദ്യ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്ന് ജൂലൈ നാലിന് മദീനയിലേക്ക് ആരംഭിക്കും. ഇതേ ആഴ്ചയില്‍ തന്നെ നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജ് സര്‍വിസുകള്‍ തുടങ്ങും.
കരിപ്പൂര്‍, ബംഗളൂരു, മുബൈ, ലഖ്നൗ, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ സഊദി എയര്‍ലൈന്‍സും ശ്രീനഗറില്‍ സ്പൈസ് ജെറ്റും മറ്റിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയുമാണ് ഹജ്ജ് സര്‍വിസ് ഏറ്റെടുത്ത് നടത്തുക.
നേരത്തെ കേരളത്തിലെ ഹജ്ജ് സര്‍വിസുകള്‍ രണ്ടു ഘട്ടങ്ങളിലായി കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കും നെടുമ്പാശ്ശേരിയില്‍ നിന്ന് മദീനയിലേക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇടപെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വിസുകള്‍ ആദ്യഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."