ജലസംരക്ഷണ പദ്ധതികളില്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി തോമസ്
ണ്ണൂര്‍: ഹരിതകേരളം മിഷന്റെ ഭാഗമായി നടത്തുന്ന കുളങ്ങളുടെയും തോടുകളുടെയും പുനരുജ്ജീവനം, മഴക്കുഴി നിര്‍മാണം തുടങ്ങിയ ജലസംരക്ഷണ പദ്ധതികളില്‍ കയര്‍ ഭൂവസ്ത്രങ്ങളുടെ ഉപയോഗ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഇതുമായി ബന്ധപ്പെട്ട് ദാരിദ്ര്യലഘൂകരണ വിഭാഗം ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങളും തോടുകളും മറ്റും പുനരുദ്ധരിച്ച ശേഷം ഭിത്തികെട്ടി ഉറപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കാനാവും. പരമ്പരാഗത രീതിയിലുള്ള കല്‍ഭിത്തിയെക്കാള്‍ മികച്ചതും ചെലവ്കുറഞ്ഞതുമായ രീതിയാണിത്.
ആദ്യഘട്ടത്തില്‍ ജില്ലയിലെ 25 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പരിശീലനം പഞ്ചായത്തുകള്‍ക്കു നല്‍കും.
ഒരു കാലത്ത് കയറുല്‍പ്പന്നങ്ങളുടെ ദേശീയ കയറ്റുമതിയില്‍ 99 ശതമാനവും കേരളത്തിന്റേതായിരുന്നു. ഇന്നത് 20 ശതമാനമായി കുറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള യന്ത്രവല്‍കൃത ഉല്‍പ്പന്നങ്ങളോട് മല്‍സരിക്കാന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍ സംസ്ഥാനത്ത് ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിച്ച് തൊഴിലാളികള്‍ക്ക് 300 രൂപ കൂലി ലഭിക്കുന്ന രീതിയില്‍ അവ വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
തൊഴിലുറപ്പു പദ്ധതികളില്‍ കയര്‍ ഭൂവസ്ത്രങ്ങളുടെ ഉപയോഗം സാധ്യമാക്കുംവിധം സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ കയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് ഉത്തരവില്‍ വ്യവസ്ഥ ചെയ്യും.
ജനകീയാസൂത്രണത്തിന്റെ ഒന്നാം ഘട്ടത്തില്‍ പദ്ധതി ആസൂത്രണത്തിനായിരുന്നു ഊന്നലെങ്കില്‍ വരാനിരിക്കുന്ന രണ്ടാം ഘട്ടത്തില്‍ പദ്ധതി നിര്‍വഹണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ജനകീയ പങ്കാളിത്തമാവും ഉറപ്പുവരുത്തുകയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കയര്‍ ഭൂവസ്ത്രങ്ങളുടെ ഉപയോഗ സാധ്യതയെക്കുറിച്ച് നാഷനല്‍ കയര്‍ റിസേര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ അനില്‍ കെ.ആര്‍ ക്ലാസെടുത്തു.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.എം രാമകൃഷ്ണന്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, കയര്‍ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."