സഊദിയിലെ ഏറ്റവും വലിയ സ്വര്‍ണ ഖനിയുടെ ഉദ്ഘാടനം നാളെ
ജിദ്ദ : സഊദിയിലെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായ അല്‍ദുവൈഹി ഖനിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് നാളെ നിര്‍വഹിക്കും. സൗദി അറേബ്യന്‍ മൈനിംഗ് കമ്പനിക്ക് (മആദിന്‍) കീഴിലുള്ള ഖനിയുടെ ശരാശരി പ്രതിവര്‍ഷ ഉല്പാദന ശേഷി 1,80,000 ഔണ്‍സ് സ്വര്‍ണമാണ്. മആദിന്‍ കമ്പനിക്കു കീഴിലെ ഏറ്റവും പുതിയ ഖനിയാണിത്.
മദീനയിലെ ചരിത്ര പ്രധാനമായ മഹ്ദുദ്ദഹബ്, മദീന പ്രവിശ്യയിലെ ബല്‍ഗ, അല്‍ഖസീമിലെ അല്‍സുഖൈബറാത്ത്, മക്ക പ്രവിശ്യയിലെ സൂഖുദ്ദഹബ്, റിയാദ് പ്രവിശ്യയിലെ അല്‍അമാര്‍ എന്നീ ഖനികളുടെ കൂട്ടത്തിലേക്കാണ് അല്‍ദുവൈഹി ഖനിയും ചേരുന്നത്.
ഒരു ചതുരശ്ര കിലോമീറ്ററാണ് ഖനിയുടെ വിസ്തീര്‍ണം. ഖനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ശുദ്ധീകരിച്ച ജലം 450 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ വഴി തായിഫില്‍ നിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്.
60 കോടി റിയാലാണ് അല്‍ദുവൈഹി പദ്ധതിയില്‍ മആദിന്‍ കമ്പനി നിക്ഷേപം നടത്തിയിരിക്കുന്നത്. ഖനി പദ്ധതിക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 90 കോടി റിയാലും മുതല്‍ മുടക്കിയിട്ടുണ്ട്. റിയാദ്തായിഫ് എക്സ്പ്രസ്വേയില് നിന്ന് അല്‍ദുവൈഹി ഖനിയിലേക്ക് 117 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."