കാട്ടാനയെ മയക്കുവെടിവെച്ചു പിടികൂടണം: തഹസില്‍ദാര്‍
കൊല്ലങ്കോട്: മുതലമട ആദിവാസി ഊരുകളില്‍ ഭീഷണി ഉയര്‍ത്തുന്ന കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടണമെന്ന് ജില്ലാ കലക്ടര്‍ക്ക് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്.
ആദിവാസി ഊരുകളില്‍ ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം പരിഗണിച്ച് ആനയെ ഇവിടെ നിന്ന് മാറ്റണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് അകറ്റുക എന്നതും പരിശോധിക്കുമെങ്കിലും വീണ്ടും ആന തിരിച്ചെത്താനുള്ള സാധ്യത കണക്കിലെടുത്താണ് മയക്കുവെടി വച്ചു പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് അടിയന്തരമായി കൈമാറും.
തേക്കടി അല്ലിമുപ്പന്‍ കോളനിയിലെത്തിയ ചിറ്റൂര്‍ തഹസില്‍ദാര്‍ വി.കെ രമ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ. പുരുഷോത്തമന്‍, കെ.കെ വിജയന്‍, കെ. കുമാരി, ബിന്ദു, ജീവനക്കാരായ എം. ഹക്കീം, ഇ.വി സുരേഷ് കുമാര്‍, രാംദാസ് എന്നിവരടങ്ങിയ റവന്യൂ വകുപ്പ് സംഘം കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന വീടുകള്‍, റേഷന്‍കട എന്നിവ സന്ദര്‍ശിക്കുകയും കോളനിക്കാരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു.
ജനവാസ മേഖലയില്‍ കൊമ്പന്റെ വിളയാട്ടം കൂടിവരുന്ന സ്ഥിതിയാണ്. സോളാര്‍ പാനല്‍ സ്ഥാപിച്ച് കോളനിയിലേക്ക് വൈദ്യുതി വിതരണം ഉണ്ടെങ്കിലും മഴക്കാലമായതിനാല്‍ ഇതിനു തടസങ്ങള്‍ ഉണ്ടെന്ന് കോളനിക്കാര്‍ പറഞ്ഞു. വെളിച്ചം ഇല്ലാത്തതിനാല്‍ രാത്രിയില്‍ കാട്ടാന ഭീഷണി നേരിടാന്‍ പ്രയാസമാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. അങ്കണവാടി, കമ്മ്യൂണിറ്റി ഹാള്‍ എന്നീ സ്ഥലങ്ങളിലാണ് മിക്ക സ്ത്രീകളും രാത്രി ഉറങ്ങുന്നത്.
പടക്കം പൊട്ടിച്ചും പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കിയുമാണ് ആനയെ അകറ്റാന്‍ ശ്രമിക്കുന്നതെന്ന് കോളനിക്കാര്‍ പറഞ്ഞു. കോളനിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത എല്ലാ വീടുകള്‍ക്കും ഉടന്‍ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തഹസില്‍ദാര്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."