പൂക്കോയ തങ്ങള്‍: തണല്‍തീര്‍ത്ത വടവൃക്ഷം
വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍നിന്ന് വിമോചനമെന്നത് മുസ്‌ലിം സമുദായത്തിന്റെ മുദ്രാവാക്യമാക്കി മാറ്റിയ പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് നാലര പതിറ്റാണ്ട്. രാഷ്ട്രീയമായും ആത്മീയമായും സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം നേടിയെടുക്കുന്നതില്‍ കൃത്യമായ പങ്കുവഹിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. സമുദായസമുദ്ധാരണം മാത്രം ലക്ഷ്യംവച്ച് വ്യക്തമായ പ്ലാനിങ്ങോടു കൂടിയാണ് അവഗണനയില്‍ കഴിഞ്ഞ ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. ആത്മീയ നേതൃത്വത്തോടൊപ്പം സാമൂഹ്യവും സാംസ്‌കാരികവും ചേര്‍ന്ന ഉന്നമനവും ആ മനസിലെ സ്വപ്നമായിരുന്നു. യമനില്‍നിന്ന് മഅ്ബറിലേക്കും അവിടെനിന്ന് കണ്ണൂര്‍ വളപട്ടണത്തേക്കും പിന്നീട് പണക്കാട്ടേക്കും വന്നെത്തിയ പൂര്‍വസൂരികള്‍ മീട്ടിയ സ്‌നേഹഗാഥ തന്നെയാണ് പൂക്കോയ തങ്ങളും സമ്മാനിച്ചത്.
വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഉപോല്‍പന്നമായി രാജ്യത്ത് മുളച്ചുപൊട്ടിയ വര്‍ഗീയത ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തെ കലാപഭൂമിയാക്കിയപ്പോള്‍ സാന്ത്വനത്തണല്‍ വിരിച്ച് കടന്നുചെന്ന തങ്ങളെ ദുരുദ്ദേശത്തോടെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വിധിന്യായക്കൂട്ടില്‍ കയറിയ തങ്ങളോട് ജഡ്ജി ചോദിക്കുന്നു: ഇവിടെ വര്‍ഗീയകലാപം ഉണ്ടാക്കാനാണ് താങ്കള്‍ കേരളത്തില്‍നിന്ന് വന്നത് എന്ന സാക്ഷിമൊഴികളെ കുറിച്ച് എന്താണു പറയാനുള്ളത്. 'ഈ സാക്ഷിമൊഴികള്‍ നാളെ മഹ്ശറയിലും ഇതുതന്നെ പറഞ്ഞാല്‍ നന്നായി' എന്നായിരുന്നു തങ്ങളുടെ മറുപടി. മഹ്ശറ എന്ന പദത്തിന്റെ അര്‍ഥം അവിടെയുണ്ടായിരുന്ന അഭിഭാഷകന്‍ ജഡിജിക്ക് വിശദീകരിച്ചു കൊടുത്തപ്പോള്‍ സത്യം മനസിലാക്കിയ ജഡ്ജി ക്ഷമാപണത്തോടെ പൂക്കോയ തങ്ങളെ യാത്രയാക്കിയത് ചരിത്രമാണ്. വികാരത്തിന് അടിപ്പെടാതെ വിവേകംകൊണ്ട് പ്രതിസന്ധികളെ മറികടന്ന പ്രതിഭ, അതായിരുന്നു പൂക്കോയ തങ്ങള്‍.
ലീഗിനെ ശക്തിപ്പെടുത്താനുമുള്ള സമര്‍പ്പിതജീവിതമായിരുന്നു തങ്ങളുടേത്. ഐക്യപ്പെടലിന്റെ പ്രാധാന്യവും അനിവാര്യതയും സമുദായത്തെ നിരന്തരം ഓര്‍മിപ്പിച്ചു. വിഷയങ്ങളില്‍ ഇടപെടുന്നതിന്റെ സൂക്ഷ്മത വേറിട്ട തലം തീര്‍ക്കുന്നതായിരുന്നു. പെരുമ്പടപ്പ് പുത്തന്‍പള്ളി കമ്മിറ്റിയില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടപ്പോള്‍ കരുതിയിരിപ്പു പണം പാണക്കാട്ട് ഏല്‍പ്പിക്കാന്‍ തീരുമാനമായി. പണം പാണക്കാട്ട് ഏല്‍പ്പിച്ചു മടങ്ങിയെങ്കിലും ചിലര്‍ക്ക് സമ്പത്ത് കൈവിട്ടുപോകുമോയെന്ന ഭയം. യാതൊരു മുന്നറിയിപ്പുമില്ലാതെ പണക്കാട്ടേക്ക് കടന്നുചെന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നിമിഷങ്ങള്‍ക്കകം തിരിച്ചുനല്‍കി. അന്ന് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും അതു രേഖയാക്കാനും സൂക്ഷിക്കാനുമുള്ള ചുമതല പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ക്കായിരുന്നു. അത്രമേല്‍ കൃത്യതയും വ്യക്തതയുമുള്ളതു കൊണ്ടു തന്നെയാണ് സമുദായം നെഞ്ചേറ്റുന്നതും.
പ്രതിസന്ധി ഘട്ടങ്ങളില്‍ ആ നേതൃത്വത്തെ ചേര്‍ത്തുപിടിക്കാന്‍ ഇന്നും തലമുറകള്‍ക്ക് ആവേശമേകുന്നത് ദൃഢവും ധീരവുമായ ആ നേതൃപാടവം നല്‍കിയ സുവര്‍ണ വഴികളാണ്. കാലം കാത്തുവച്ച ആ കരുതല്‍ ഇന്നും സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്, പാണക്കാട് കുടുംബങ്ങളിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."