കുടിയേറ്റ മേഖലയില്‍ സി.പി.എമ്മിന് പ്രത്യേക കമ്മിറ്റി വരുന്നു
കോഴിക്കോട്: മലയോര മേഖലയിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടാനും പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും സി.പി.എം മലയോരം കേന്ദ്രീകരിച്ച് പ്രത്യേക സംഘടനാ സംവിധാനത്തിലേക്ക് നീങ്ങുന്നു.
ഓരോ ജില്ലയിലേയും മലയോര മേഖലയിലെ ബ്രാഞ്ച് മുതല്‍ ഏരിയാതലം വരെയുള്ള കമ്മിറ്റികളെ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനത്തിന് രൂപം നല്‍കുന്നത്. മലയോര മേഖലയും കുടിയേറ്റ കര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുതിയ സംവിധാനമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നതെങ്കിലും ഇനിയും ഉറപ്പിക്കാന്‍ കഴിയാത്ത കുടിയേറ്റ കര്‍ഷകരുടെ പിന്‍തുണ തന്നെയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്ത് കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇപ്പോഴും മലയോരത്ത് സ്വാധീനമുള്ളത്.
മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമായും പ്രക്ഷോഭരംഗത്തുള്ളതും ഇപ്പോള്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും മറ്റുമാണ്. ഇതിനെ തകര്‍ക്കുകയെന്നതാണ് സി.പി.എം കുടിയേറ്റ മേഖലയിലെ കേന്ദ്രീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും വന്യമൃഗ ശല്യത്തിന്റെയും പേരില്‍ മലയോരത്ത് വന്‍ പ്രക്ഷോഭം ഉയര്‍ന്നുവരാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. എല്ലാ ജില്ലകളിലും ഇത്തരം സംഘടനാസംവിധാനം രൂപീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട കണ്ണൂര്‍ ജില്ലയില്‍ തന്നെയാണ് ആരംഭം. മലയോര മേഖലകളായ ചെറുപുഴ മുതല്‍ കൊട്ടിയൂര്‍ വരെയുള്ള പാര്‍ട്ടി ഭാരവാഹികളുടെ യോഗം കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്ത് ചേര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലേക്കുള്ള മലയോര മേഖലയിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."