കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കി; കാഴ്ചക്കാരായി അധികൃതര്‍
കൊട്ടിയം: കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കുന്നു. ഇവിടെ പല കടകള്‍ കേന്ദ്രീകരിച്ചും വില്‍പന പൊടിപൊടിക്കുന്നുണ്ട്. സ്ഥിരം കസ്റ്റമര്‍ക്കാണ് കച്ചവടക്കാര്‍ ഇവ വില്‍പന നടത്തുന്നത്. കൊട്ടിയം പൊലിസും ഇതിന് ഒത്താശ നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്. ഇവര്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആക്ഷേപം ശക്തമാണ്. കൊട്ടിയം, മുട്ടയ്ക്കാവ് പ്രദേശങ്ങളിലും വില്‍പനക്കാര്‍ സജീവമാണ്. ഗ്രാമപഞ്ചായത്തോ ആരോഗ്യവകുപ്പോ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. പെട്ടിക്കടകളിലും മറ്റും നിരോധിത പുകയില വസ്തുക്കള്‍ വില്‍ക്കുന്നത് ആരോഗ്യവകുപ്പ്കണ്ടില്ലെന്ന് നടിക്കുന്നുണ്ട്.
കണ്ണനല്ലൂരില്‍ ബജറ്റില്‍ അനുവദിച്ച പൊലിസ് സ്റ്റേഷന്‍, ഇവിടെ വേണ്ടെന്ന് പറഞ്ഞ് മറ്റൊരിടത്തേയ്ക്ക് മാറ്റിക്കൊണ്ടു പോകാന്‍ ശ്രമം നടത്തുന്നവരും അതിനായി ജില്ലയിലെ വനിതാ മന്ത്രിയെ സമീപിച്ചവരും ഒത്താശ ചെയ്യുന്നവര്‍ക്ക് പിന്നിലുണ്ടത്രെ. പ്രദേശത്ത്് വികസനവും മറ്റു ആവശ്യങ്ങളുമെന്ന് പറഞ്ഞ് വാര്‍ത്തകളും അനാവശ്യവിവാദങ്ങളുമുണ്ടാക്കി പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ കഞ്ചാവ് അടക്കമുളളവയുടെ ശ്രദ്ധ തിരിച്ചുവിടുന്നുണ്ട്. പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇവിടെ ചിലരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഇവരുടെ സംഘം ബൈക്കുകളിലെത്തിയും വില്‍പന നടക്കാറുണ്ടെന്ന ആക്ഷേപവും ശക്തമാണ്. പിടിക്കപ്പെട്ടവരും പിന്നീട് പിഴയടച്ചോ മറ്റോ കേസില്‍ നിന്ന് ഒഴിവായ ശേഷം വീണ്ടും കച്ചവടത്തിനെത്തുന്ന പ്രവണതയാണ് ഇവിടെ പുലര്‍ന്നു പോരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."