നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
മുക്കം: വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ കേന്ദ്രമായി മുക്കം മാറിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ദിവസവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ വലിയ ഗതാഗത സ്തംഭനമാണ് സൃഷ്ടിക്കുന്നത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ മിക്ക ദിവസങ്ങളിലും മണ്ഡലത്തില്‍ ഉണ്ടാകും. മണ്ഡലത്തിലെ പ്രധാന കേന്ദ്രമെന്ന നിലയില്‍ മുക്കത്തും ഇവര്‍ എത്തും. ഇന്നലെ യു.ഡി.എഫ് വയനാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുക്കത്ത് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന, ജില്ല നേതാക്കളടക്കം നിരവധി പേരാണ് ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നത്. വൈകുന്നേരം എന്‍.ഡി.എ മണ്ഡലം കമ്മിറ്റി കണ്‍വന്‍ഷന്‍ നടന്നതും മുക്കത്ത് തന്നെ. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ ജനങ്ങളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിച്ചു. ശേഷം എല്‍.ഡി.എഫിന്റെ പ്രചാരണ റാലിയും മുക്കം നഗരത്തില്‍ നടന്നു. വീതികുറഞ്ഞ റോഡുകളും മതിയായ പാര്‍ക്കിങ് സൗകര്യങ്ങളും ഇല്ലാത്ത മുക്കം നഗരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും റാലികളും റോഡ് ഷോകളും യാത്രക്കാരെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണം പൂര്‍ണമായും പരാജയപ്പെട്ടതോടെ മുക്കത്ത് ഗതാഗതക്കുരുക്ക് നിത്യ സംഭവമായി. പൊലിസ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ആയതിനാല്‍ മുക്കത്ത് ഗതാഗതം നിയന്ത്രിക്കാനും ആളില്ല. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഗതാഗത നിയന്ത്രണങ്ങള്‍ യാത്രക്കാര്‍ അവഗണിക്കാന്‍ തുടങ്ങിയത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. കാര്യക്ഷമമായ പാര്‍ക്കിങ് സംവിധാനങ്ങള്‍ മുക്കം നഗരത്തില്‍ ഇല്ലാത്തതിനാല്‍ റോഡിന്റെ ഇരുവശങ്ങളിലുമാണ് മിക്ക വാഹനങ്ങളും നിര്‍ത്തിയിടുന്നത്. വരുംദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കുന്നതോടെ മുക്കം നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."