കണ്ണടയുന്നതിന് മുന്‍പ് ചോരാത്ത വീട്ടില്‍ അന്തിയുറങ്ങണം സ്വപ്നവുമായി കമലവും കടുംബവും
നിലമ്പൂര്‍: ദുരിതങ്ങളുടെ പെയ്‌തൊഴിയാത്ത യഥാര്‍ഥ ജീവിതം നേരില്‍ കാണണമെങ്കില്‍ നിലമ്പൂര്‍ അരുവാക്കോടുള്ള പഴുമ്പാലക്കോട് കമലം എന്ന 65കാരിയുടെ പ്ലാസ്റ്റിക്ക് കൂരയില്‍ എത്തണം. മുകളില്‍ പ്ലാസ്റ്റിക് മേഞ്ഞ അടച്ചുറപ്പില്ലാത്ത ഷെഡ്ഡ ിലാണ് കമലവും വിധവയായ മകള്‍ ഗീതയും അവരുടെ മകള്‍ മഹിമയും കഴിയുന്നത്. കാരുണ്യത്തിന്റെ ഹസ്തങ്ങള്‍ തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരം കാണുമെന്ന വിശ്വാസത്തിലാണിവര്‍. 2010ലുണ്ടായ മഴയില്‍ വീട് തകര്‍ന്ന ശേഷം കഴിഞ്ഞ എട്ടുവര്‍ഷമായി ഇവര്‍ ജീവിതം തള്ളിനീക്കുന്നത് ഈ ഷെഡ്ഡിലാണ്. വീടിന്റെ നേര്‍കാഴ്ചക്ക് തുല്യമാണ് കമലത്തിന്റെ ജീവിതവും നന്നേ ചെറുപ്പത്തില്‍ ഭര്‍ത്താവ് ഗോവിന്ദന്‍ മരിച്ച ശേഷം മകള്‍ ഗീതക്കു വേണ്ടിയായിരുന്നു തുടര്‍ ജീവിതം. 21 വര്‍ഷം മുന്‍പ് പൂക്കോട്ടുംപാടം സ്വദേശി കുട്ടന് വിവാഹം ചെയ്തു കൊടുത്തു.
എന്നാല്‍ മകള്‍ മഹിമ ജനിച്ച് രണ്ടു മാസം തികയും മുന്‍പ് കുട്ടന്‍ ഹൃദയാഘാതം മൂലം മരിച്ചു. വാര്‍ധക്യത്തിന്റെ അവശത നോക്കാതെ കാരുണ്യ മനസുകള്‍ക്ക് മുന്നില്‍ കൈ നീട്ടിയാണ് കമലം തന്റെ കുടുംബം നോക്കുന്നത്. ഇടതു കൈക്ക് പരുക്കുള്ള മകള്‍ ഗീത എടക്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ചില ദിവസങ്ങളില്‍ ക്ലീനിങ് പ്രവര്‍ത്തിക്കും പോകുന്നുണ്ട്. മഹിമയിലാണ് ഇവരുടെ പ്രതീക്ഷ.
കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്ത് മഹിമയെ ബ്യൂട്ടിഷ്യന്‍ കോഴ്‌സിന് വിടുന്നുണ്ട്. ഈ തുക എങ്ങനെ തിരിച്ചടക്കും എന്ന ചോദ്യത്തിനും ഇവര്‍ക്ക് മറുപടി ഇല്ല. 2010-ല്‍ നിലമ്പൂര്‍ നഗരസഭ നടപ്പാക്കിയ 1000 വീട് പദ്ധതിയില്‍ കമലത്തെ ഉള്‍പ്പെടുത്തുകയും ആദ്യ ഗഡുവായി 15000 രൂപ അനുവദിക്കുകയും ചെയതിരുന്നു.
ഈ തുക കൊണ്ട് കല്ല് ഉള്‍പ്പെടെ എത്തിച്ചെങ്കിലും രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ രണ്ടാം ഗഡു ലഭിച്ചില്ല. ഈ തുക ആരെങ്കിലും അടച്ചാല്‍ പുതിയ ഭവന പദ്ധതിയില്‍ ഇവര്‍ക്ക് വീട് ലഭിക്കും. പല ദിവസങ്ങളിലും അടുപ്പ് പുകയാത്ത ഈ സാധു കുടുംബത്തിന് ഈ തുക തിരിച്ചടക്കാന്‍ കഴിയില്ല.
ഒന്ന് നിവര്‍ന്ന് കിടക്കാന്‍ ഒരു കട്ടില്‍ പോലുമില്ല. മണ്‍ തറയില്‍ പായ വിരിച്ചാണ് ഇവര്‍ ഉറങ്ങുന്നത്. തന്റെ മകള്‍ക്കും കൊച്ചുമകള്‍ക്കും നന്നായാതെ കിടക്കാന്‍ ഒരു വീട് എന്ന ഇവരുടെ സ്വപ്നത്തിന് നിറം പകരാന്‍ സുമനസുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഫോണ്‍: 9947106102, 9946862291.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."