പട്ടാള അട്ടിമറിയെ തെരുവിലിറങ്ങി പ്രതിരോധിച്ച് തുര്‍ക്കിയിലെ ജനങ്ങള്‍
അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമത്തെ തകര്‍ത്തെറിഞ്ഞ് ജനങ്ങളുടെ പ്രതിരോധ കവചം. പട്ടാള ഭരണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പിന്തുണ അര്‍പ്പിച്ചും അട്ടിമറി സമ്മതിക്കില്ലെന്നും അറിയിച്ച് ജനങ്ങളെല്ലാം കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് തുര്‍ക്കിയുടെ ഭരണം തങ്ങള്‍ ഏറ്റെടുത്തുവെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം സായുധസേന രംഗത്തെത്തിയത്. ഉര്‍ദുഗാന്റെ അവധി സമയമായിരുന്നു ഇത്. ഇസ്താംബൂളിലെ പൊലിസ് ഹെഡ്ക്വാര്‍ട്ടേര്‍സ് ആക്രമിക്കുകയും 17 പൊലിസുകാരെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവം ടി.വി വാര്‍ത്തയിലൂടെ അറിഞ്ഞ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന് ഉറച്ച ജനങ്ങള്‍ക്കു മുന്നില്‍ ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പട്ടാളത്തിന് പാളുകയായിരുന്നു.
ശനിയാഴ്ച രാവിലെയോടെ എല്ലാ മറകളും നീക്കി ഉര്‍ദുഗാന്‍ നേരിട്ടെത്തി മാധ്യമങ്ങളേയും പൊതുസമൂഹത്തേയും അഭിസംബോധന ചെയ്തതോടെ അട്ടിമറിശ്രമം പൂര്‍ണമായി തകരുകയായി. താന്‍ എവിടെയും പോയിട്ടില്ലെന്നും ദേശീയ താല്‍പര്യത്തിനപ്പുറത്ത് ഒരു അധികാരവും ഇല്ലെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.
വെടിവയ്പ്പിലും മറ്റുമായി സാധാരണക്കാരും പൊലിസുകാരുമടക്കം 42 പേര്‍ കൊല്ലപ്പെട്ടു. അട്ടിമറിശ്രമം നടത്താന്‍ ശ്രമിച്ച ഇരുനൂറോളം സൈനികരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഹെലികോപ്റ്റര്‍ റാഞ്ചിയ ശേഷം പൊലിസിനു നേരെ പട്ടാളം ആക്രമണം അഴിച്ചുവിടുകയായിരുന്നു. പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ബോംബെറിഞ്ഞു. ഹെലികോപ്റ്റര്‍ പിന്നീട് തകര്‍ത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."