കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ പാതിവഴിയിലെന്ന് പരാതി
പുതുക്കാട്: ഗതാഗതകുരുക്ക് രൂക്ഷമായ പുതുക്കാട് ബസാര്‍ റോഡിലെ സര്‍വേയും കൈയേറ്റം ഒഴിപ്പിക്കലും പാതിവഴിയിലെന്ന് പരാതി. പൊതുപ്രവര്‍ത്തകരായ ജോയ് മഞ്ഞളി, വിജു തച്ചംകുളം എന്നിവരാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്.
കഴിഞ്ഞ ജൂണില്‍ ഇവര്‍ തന്നെ സമര്‍പ്പിച്ച പരാതിയില്‍ സര്‍വേ നടത്താനും കൈയേറ്റം ഒഴിപ്പിക്കാനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ സര്‍വേ സൂപ്രണ്ട് സര്‍വേയര്‍മാരെ നിയോഗിച്ചു. എന്നാല്‍ ജനുവരിയില്‍ പുതുക്കാട് ചെറുവാള്‍ റോഡിലെ കൈയേറ്റങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ സര്‍വേ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും സര്‍വേയര്‍മാരെ ഇതുവരെ നിയമിച്ചിട്ടില്ല.
ഫെബ്രുവരിയില്‍ പൊതുമരാമത്ത് വകുപ്പ് പുതുക്കാട് അസി. എന്‍ജിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം കൈയേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയായതായി പറയുന്നു. എന്നാല്‍ കൈയേറ്റങ്ങള്‍ ഭൂരിഭാഗവും പഴയപടി തുടരുന്നു. ബസാര്‍ റോഡ് വികസനത്തിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ മൂന്നുകോടി രൂപ അനുവദിച്ചതാണ്.
പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ആലുവ റോഡ്‌സ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. ഷൊര്‍ണൂര്‍ ഓജസ്വി കണ്‍സ്ട്രക്ഷന്‍ സൊലൂഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.
കരാര്‍ പ്രകാരം ബസാര്‍ റോഡ് പൂര്‍ണമായും കോണ്‍ക്രീറ്റ് കട്ട വിരിക്കുന്നതിനും ബാക്കി ഭാഗം ബിറ്റുമെന്‍ മെക്കാര്‍ഡം, ബിറ്റുമെന്‍ കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ച് നവീകരിക്കാനുമായിരുന്നു പദ്ധതി. കോണ്‍ക്രീറ്റ് കലുങ്ക്, കാന എന്നിവയും കരാറില്‍ പറയുന്നുണ്ട്.
ഫെബ്രുവരിയില്‍ ബസാര്‍ റോഡിന്റെ നവീകരണം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടികള്‍ ആരംഭിച്ചിട്ടില്ല.
12 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകാത്ത പക്ഷം തുക ലാപ്‌സാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന് പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."