സ്വര്‍ണക്കടത്തുകേസില്‍ രഹസ്യനീക്കങ്ങള്‍: പൊലിസിനെ അടുപ്പിക്കാതെ കസ്റ്റംസ്, വല നീളുന്നത് പ്രമുഖരിലേക്കെന്നു വ്യക്തം
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ തുടക്കം മുതല്‍തന്നെ കസ്റ്റംസ് നടത്തുന്നത് ശക്തമായ വല മെനഞ്ഞുകൊണ്ടുള്ള രഹസ്യനീക്കങ്ങള്‍. സ്വര്‍ണം പിടികൂടിയപ്പോള്‍ മുതല്‍ സംസ്ഥാന പൊലിസിന്റെ സഹായം തേടാതിരിക്കാന്‍ കസ്റ്റംസ് പ്രത്യേകം ശ്രദ്ധിച്ചു. വെറും സ്വര്‍ണക്കടത്ത് കേസിലുപരി രാഷ്ട്രീയത്തിലെ പ്രമുഖരിലേക്ക് എത്തുമെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ടതിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്നു വ്യക്തം.
ഗള്‍ഫില്‍നിന്നു വന്ന പാക്കേജ് പിടിച്ചെടുക്കുമെന്നുറപ്പായതോടെ തിരിച്ചയക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നുതന്നെ നിര്‍ദേശം വന്നത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ സ്രാവുകള്‍ പിന്നാമ്പുറത്തുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് വിദേശകാര്യ വകുപ്പിനെയും കേന്ദ്ര ആഭ്യന്തരവകുപ്പിനെയും സംഭവം അറിയിച്ച ശേഷം തുടര്‍നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
സരിത്തിനെ ചോദ്യം ചെയ്യാനാണെന്ന വ്യാജേനയാണ് വിളിച്ചുവരുത്തിയത്. പൂട്ട് ഒരുക്കി വച്ചാണ് വിളിക്കുന്നതെന്ന സംശയം അപ്പോഴും ഉയര്‍ന്നിരുന്നില്ല. സരിത്ത് സ്വപ്‌നയുടെ പേര് പുറത്തുപറഞ്ഞതോടെ കാര്യങ്ങള്‍ക്ക് വേഗത കൈവന്നു. എന്നിട്ടും പൊലിസിനെ അറിയിച്ചില്ല.
സംസ്ഥാനസര്‍ക്കാരിലെ ചില ഉന്നതര്‍ ചില പൊലിസ് ഉന്നതരെ വച്ച് പല കേസുകളിലും നടത്തുന്ന കള്ളക്കളികള്‍ വെളിച്ചത്തുവന്നിരുന്നതാണ്. വിജിലന്‍സ് പോലും ഇത്തരം കേസുകളില്‍ ആരോപണം നേരിടുന്നുമുണ്ട്.
അതുകൊണ്ടുതന്നെ ഒളിവില്‍ പോയ സ്വപ്നയെ കണ്ടെത്താനോ അവരുടെ സുഹൃത്ത് സന്ദീപിനെ അന്വേഷിക്കാനോ പൊലിസിന്റെ സഹായം തേടിയില്ല. ഒടുവില്‍ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പോലും പൊലിസിനെ പൂര്‍ണമായും അകറ്റി നിര്‍ത്തിയതും ശ്രദ്ധേയമാണ്. സമയം കളയാതെ കേന്ദ്ര ഏജന്‍സിയെ ഇടപെടുത്തിയതോടെ ഇനി കേസ് തേച്ചുമായ്ച്ചുകളയാന്‍ കഴിയില്ലെന്ന ആശ്വാസത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."