നമ്മള്‍ കവിതയെഴുതുന്നു
കവിതകളെ പറ്റി ഓര്‍ത്ത് ഓര്‍ത്താണ്
നമ്മുടെ കനവുകളിങ്ങനെ ചുവന്നുപോയത്
ഓര്‍മകളെയും അക്ഷരങ്ങളെയും
താലോലിച്ചാണ്
നമ്മുടെ മനസ്സിനാഴം തൂവലുകളായത്
രാത്രികള്‍ പകലുകമായി ചേര്‍ത്തി എഴുതിയാല്‍
നമ്മുടെ നിഘണ്ടുവില്‍ എന്നെങ്കിലുമൊരിക്കല്‍
പ്രകാശമെന്ന് ഉത്തരം
ലഭിക്കും
നമ്മളിനിയും എഴുതിയിട്ടില്ലാത്ത വരികളില്‍
എത്ര നിസ്സഹായതകള്‍
ശ്വാസം വലിച്ചിട്ടില്ലാതായിട്ടുണ്ടാവും
വിശപ്പ് വിഴുങ്ങി ആത്മഹത്യ കുരുക്കില്‍
എത്ര മനുഷ്യര്‍ പിടഞ്ഞിട്ടുണ്ടാവും
എന്നിട്ടും നമ്മുടെ വീടുകളിപ്പോ
സ്‌നേഹത്തിന് വേണ്ടി ഉറക്കെ കരയുന്നു
നമ്മുടെ അടിവയറുകളില്‍ കുമിഞ്ഞ
പേശികളുടെ പാടുകള്‍ വിശപ്പിന്റേതല്ല
സ്‌നേഹ രാഹിത്യത്തിന്റേതാണ്
സ്‌നേഹം തൊടുമ്പോള്‍ വസന്തമാവുകയും
അല്ലാത്തപ്പോള്‍ ചുട്ടു പഴുക്കുകയും
ചെയുന്ന പച്ച മനുഷ്യരാണ് ഞങ്ങള്‍
ഓര്‍മകളുടെ വളവില്‍
ഇന്നലെ മറഞ്ഞ സന്ധ്യകളെ
മോഷ്ടിക്കാന്‍ നമ്മളിപ്പോള്‍
ഒരുമിച്ചിറങ്ങുന്നു
പുലരാതെ പോയ സ്വപ്നങ്ങളുടെ
വെളിച്ചം നഷ്ടപ്പെട്ട കണ്ണുകളില്‍
നിന്നും നക്ഷത്രത്തെ കടം ചോദിക്കുന്നു
ഇന്നുവരെ കണ്ടിട്ടില്ലാത്ത
ആകാശങ്ങളെ പറ്റി നമ്മള്‍
കിനാവ് കാണുന്നു
നമ്മുടെ വരികള്‍ക്ക് ആത്മഹത്യ ചെയ്ത
പകലുകളുടെ ചൂടാണ്
നമ്മുടെ വിശപ്പുകള്‍ക്ക്
അപകടത്തില്‍ മരിച്ചു പോയവന്റെ നീറ്റലാണ്
നമുക്ക് ചുറ്റും വയലറ്റ് പൂക്കള്‍
ദാഹിച്ചു വലയുന്നു
കവിതയെഴുതുയെന്നത്ര എളുപ്പമല്ല
ജീവിതത്തിന്റെ ഓരോ ഞരമ്പുകളും
ചേര്‍ത്ത് വച്ചെഴുതുമ്പോള്‍
അക്ഷരങ്ങള്‍ കനല്‍ പോലെ പഴുക്കും
എന്നിട്ടും
നമ്മളിപ്പോഴും കനവ് കാണുന്നു
നിലാവിനെ തുന്നുന്നു
വീണ്ടും വീണ്ടും കവിതയെഴുതുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."