അസാധാരണ സാഹചര്യം, ഒരിടവും സുരക്ഷിതമല്ല, റിവേഴ്‌സ് ക്വാറന്റീനിലുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണുള്ളതെന്നും അതിനാല്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവരുടെ കാര്യത്തില്‍ നല്ല കരുതല്‍ ഉണ്ടാകണം. റിവേഴ്‌സ് ക്വാറന്റീനില്‍ ഉള്ളവരുടെ വീടുകളിലേക്ക് അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. മറ്റ് കേസുകള്‍ നല്ല പോലെ ചികിത്സിച്ച് ഭേദപ്പെടുത്താം. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരെ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസമാണെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമല്ല ഇത്. അത് ഉള്‍ക്കൊള്ളണം. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കില്‍ ഇതുവരെ നടത്തിയ ക്രമീകരണങ്ങള്‍ അസ്ഥാനത്താവും. മുന്നറിയിപ്പുകള്‍ക്ക് പകരം കടുത്ത നടപടികളിലേക്ക് സ്വാഭാവികമായി നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെടും.
രോഗം ക്രമാതീതമായി വര്‍ധിക്കുന്ന ചില സ്ഥലങ്ങളില്‍ പ്രത്യേക ക്രമീകരണം വേണോയെന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. വന്‍തോതില്‍ ആളുകളുള്ള വീടുകളില്‍ റിവേഴ്‌സ് ക്വാറന്റീന്‍ പോലെ കഴിയാനുള്ള സാഹചര്യം ഇല്ലാതെ വന്നാല്‍ അവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ഇക്കാര്യം അത്തരം പ്രദേശങ്ങളില്‍ ആലോചിക്കും. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പാക്കി രോഗവ്യാപനം നാം പരമാവധി കുറച്ചിരുന്നു. രോഗം ഭേദമായവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞുവന്നു. മെയ് മൂന്നിന് 95 ആയിരുന്നു ചികിത്സയിലുണ്ടായിരുന്നത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയിരുന്നു. മൂന്നാം ഘട്ടം ആരംഭിച്ചപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വന്നതോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."