മുഖ്യമന്ത്രിയുടെ ഓഫീസും താനും കുറ്റക്കാരല്ല; കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാഴ്‌സല്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസ് കമ്മിഷണറിനോട് ആവശ്യപ്പെട്ടത്, ഹൈക്കോടതിയില്‍ ജാമ്യഹരജിയുമായി സ്വപ്‌നാ സുരേഷ്
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസും താനും കുറ്റക്കാരല്ലെന്നും അന്വേഷണോദ്യോഗസ്ഥരോട് പ്രത്യേകിച്ച് തനിക്കൊന്നും പറയാനില്ലെന്നും വ്യക്തമാക്കി സ്വപ്‌നാസുരേഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. വ്യാഴാഴ്ച രാത്രി ഏറെ വൈകി ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച ജാമ്യഹരജി ഇന്നലെ കോടതി പരിഗണിച്ചില്ല. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കീഴിലുള്ള കരാര്‍ ജീവനക്കാരിയാണെന്നും സ്വര്‍ണക്കടത്തുമായി താന്‍ നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാരുമായി ബന്ധമില്ലെന്നും ഹരജിയില്‍ എടുത്തുപറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്വാധീനിക്കാണോ സ്വര്‍ണം കടത്താനോ താന്‍ ശ്രമിച്ചിട്ടില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലവുമില്ല. കോണ്‍സല്‍ ജനറല്‍ ചുമതല വഹിക്കുന്ന റാഷിദ് ഖാമിസ് അല്‍ ഷെയിമെയിലി നിര്‍ദേശിച്ചതനുസരിച്ചാണ് നയതന്ത്ര പാഴ്‌സല്‍ വിട്ടുകൊടുക്കാന്‍ താന്‍ കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മിഷണറിനോട് ആവശ്യപ്പെട്ടത്. അദ്ദേഹം നേരിട്ടെത്തിയാണ് പാഴ്‌സല്‍ തന്റെയാണെന്നറിയിച്ചത്.
സ്വര്‍ണം പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ബാഗേജ് തിരിച്ചയക്കാന്‍ ശ്രമമുണ്ടായതെന്നും ഹരജിയിലുണ്ട്. തിരിച്ചയക്കാനുള്ള കത്ത് തയാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടത് റാഷിദ് ഖാമിസ് ആണ്. കോണ്‍സുലേറ്റിനുവേണ്ടി താന്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നും മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്യുകയാണെന്നും ഇവര്‍ ജാമ്യ ഹരജിയില്‍ പറയുന്നു.
താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള ജോലികള്‍ കോണ്‍സുലേറ്റ് നിര്‍ദേശിക്കുന്നതനുസരിച്ചാണ് ചെയ്യുന്നത്. കഴിഞ്ഞ ജൂണ്‍ 30നുവന്ന പാഴ്‌സല്‍ കോവിഡ്കാലമായതിനാല്‍ ലഭിച്ചിട്ടില്ലായിരുന്നു. ഇത് അന്വേഷിക്കാന്‍ ജൂലായ് ഒന്നിനാണ് തനിക്ക് നിര്‍ദേശം വന്നതെന്നും അതുപ്രകാരം അന്വേഷിക്കുകമാത്രമേ ഉണ്ടായുള്ളൂവെന്നും ബാഗില്‍ എന്താണുള്ളതെന്ന് തനിക്കറിയില്ലെന്നും സ്വപ്‌നയുടെ ജാമ്യഹരജിയിലുണ്ട്.
രണ്ടുദിവസം മുന്‍പാണ് സ്വപ്‌നയ്ക്കുവേണ്ടി ജാമ്യഹരജി ഫയല്‍ ചെയ്തതെന്നും ഇന്നലെയാണ് തുടര്‍നടപടികളായതെന്നും വക്കാലത്തു സമര്‍പ്പിച്ച അഭിഭാഷകന്‍ വെളിപ്പെടുത്തി. വക്കാലത്ത് എടുക്കാന്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും സ്വപ്‌ന എവിടെയാണെന്നറിയില്ലെന്നും വക്കാലത്ത് നല്‍കാന്‍ വന്നതിനെപ്പറ്റി വെളിപ്പെടുത്താനാവില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ലെന്ന് ഇവര്‍ ജാമ്യഹരജിയില്‍ എടുത്തുപറയുന്നതില്‍ നിന്ന് മറ്റെന്തോ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. യു.എ.ഇ നയതന്ത്ര പ്രതിനിധിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹരജി രാജ്യാന്തര ബന്ധത്തെ ബാധിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."