നിയമവിരുദ്ധമായി കൈമാറ്റം ചെയ്ത ആനയെ വനം വകുപ്പ് ഏറ്റെടുത്തു
ഹരിപ്പാട്: നിയമവിരുദ്ധമായി കൈമാറ്റം ചെയ്ത ആനയെ വനം വകുപ്പ് ഏറ്റെടുത്തു. മൂടയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 20 വയസുള്ള കൊമ്പനാനയെ ആണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഏറ്റെടുത്ത് നെടുമങ്ങാടിനടുത്ത് വിതുര കുറ്റിച്ചല്‍ കോട്ടൂരുള്ള ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.ഇവിടെ 16 ആനകളുണ്ട്. വനത്തില്‍ നിന്ന് ഒറ്റപ്പെട്ടതും രോഗം വന്ന നാട്ടാനകളേയും പരിപാലിക്കുന്ന വനം വകുപ്പിന്റെ കീഴിലുള്ള സങ്കേതമാണിവിടം.
സ്വകാര്യ ദേവസ്വം ഭാരവാഹികള്‍ 30 ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശി വിശ്വാസ് സി.നായര്‍ക്ക് കൈമാറ്റം നടത്തിയത്.1970 ലെ വനം വന്യജീവി നിയമ പ്രകാരവും, നാട്ടാന പരിപാലന ചട്ടങ്ങളും അനുസരിച്ച് മുഖ്യ വനപരിപാലകന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഉണ്ടെങ്കിലേ ആനയെ വില്‍ക്കുക, കൈമാറ്റം ചെയ്യുക, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടു പോകുക എന്നിവ ചെയ്യാന്‍ പാടുള്ളു. ഭക്തജനങ്ങള്‍ പിരിവെടുത്ത് വാങ്ങി നടക്ക് വച്ച ഹരികൃഷ്ണന്‍ എന്ന ആനയെ പരിപാലിക്കുവാനുള്ള ബുദ്ധിമുട്ട് കാരണം പറഞ്ഞാണ് ആരുമറിയാതെ അനധികൃതമായി ആനയെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം സ്വദേശിക്ക് കൈമാറിയത്.
ദേവസ്വത്തിന്റെയും ആന പാപ്പാന്മാരുടേയും നോട്ട കുറവ് കാരണം ഇതിന്റെ ഒരു കൊമ്പ് ഊരിപ്പോയിരുന്നു. മറ്റേ കൊമ്പിനും കേടുപാടുകളുണ്ട് .നഖം ജീര്‍ണ്ണാവസ്ഥയിലായതിന് കുറവുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനധികൃത കൈമാറ്റത്തെ എതിര്‍ത്ത് ഭക്തര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്കിയ പരാതിയെ തുടര്‍ന്ന് നല്‍കിയ ഉത്തരവു പ്രകാരം ആലപ്പുഴ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ സുമി ജോസഫ് അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആനയെ ഏറ്റെടുത്തത്. അന്വേഷണത്തില്‍ വനം വന്യജീവി നിയമം ലംഘിച്ചതായി കണ്ടതിനാല്‍ ദേവസ്വം അധികൃതര്‍ക്കും വിശ്വാസ്.വി.നായര്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തു.
ആനയെ കൈമാറ്റം ചെയ്തതിനെതിരേ ഭക്തജനങ്ങള്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നടന്നുവരികയാണ്. ആനയെ മൂന്ന് ദിവസത്തിനകം വനംവകുപ്പിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യവനപാലകന്‍ ദേവസ്വം ഭാരവാഹികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയതിനെ തുടര്‍ന്ന് ഭാരവാഹികള്‍ ഇപ്പോഴത്തെ ഉടമയായ വിശ്വാസില്‍ നിന്ന് ആനയെ തിരികെ വാങ്ങി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു.
ഏറ്റെടുക്കലിന് ജെ.എഫ്.ഒ മാരായ സുമി ജോസഫ്, ജെ.ആര്‍.അനി, ഫ്‌ലയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ സന്തോഷ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജയകുമാര്‍, ചെങ്ങന്നൂര്‍ ആര്‍.എഫ്.ഒ ഗണേഷ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ കെ.രാധാകൃഷ്ണന്‍ ,ദിലീപ് എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."