കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയെ തള്ളിവീഴ്ത്തി സ്വര്‍ണവളയുമായി കടന്നുകളഞ്ഞു
പാണ്ടിക്കാട്: കക്കുളം കുറ്റിപ്പുളിയിലെ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചുവന്ന യുവാവ് വീട്ടുടമയായ വൃദ്ധയുടെ കഴുത്തില്‍ ബക്കറ്റിന്റെ കയര്‍ മുറുക്കി ചവിട്ടി വീഴ്ത്തിയശേഷം കൈയിലെ സ്വര്‍ണവള ഊരിയെടുത്ത് കടന്നുകളഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷം നാലോടെയാണ് സംഭവം. കുറ്റിപ്പുളിയിലെ കടുവപ്പാലി കുഞ്ഞിമൊയ്തീന്റെ ഭാര്യ കുഞ്ഞിക്കദിയ്യ(75)യുടെ ഒരു കൈയിലെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്. കിണര്‍ പണിക്കാരനായ മകന് ജോലിക്ക് പോയിരുന്നു. മരുമകള്‍ മിഅ്റാജിന്റെ നോമ്പ് അനുഷ്ഠിച്ചതിനാല്മുറിയില് വിശ്രമത്തിലുമായിരുന്നു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യുവാവിനോട് ടാപ്പ് ചൂണ്ടിക്കാണിച്ച് അതില്‍നിന്ന് കുടിച്ചോളാന്‍ പറഞ്ഞ് കുഞ്ഞിക്കദിയ അംഗശുദ്ധിവരുത്താന്‍ കുളിമുറിയിലേക്ക് കയറിയപ്പോള്‍ പിന്തുടര്ന്നെത്തിയ യുവാവ് ബക്കറ്റിന്റെ കയര്‍ വൃദ്ധയുടെ കഴുത്തില്‍ മുറുക്കി ചവിട്ടി തള്ളിയിട്ടശേഷം കൈയിലെ വള ഊരിയെടുത്ത് ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു.കഴുത്തില്‍ കയര്‍ ചുറ്റിയതിനാലും വീഴ്ചയിലും വൃദ്ധയുടെ കഴുത്തിലും ഇടുപ്പിനും ചില്ലറ പരുക്ക് പറ്റി. ബഹളംകേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടി തിരച്ചില്‍നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
കുഞ്ഞിക്കദിയയുടെ മകന് അലവി പാണ്ടിക്കാട് പൊലിസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സമാനമായ രീതിയില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചുവന്ന യുവാവ് പുളിക്കല്‍പറമ്പ് ചെരിച്ചിയില്പാറ മദ്റസപ്പടിയിലെ വാല്പറമ്പത്ത് നബീസ എന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞിന്നതിന് ഇന്നുവരേയും തുമ്പുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."