കിഫ്ബി മസാല ബോണ്ടുകള്‍: ദുരൂഹത ഒഴിവാക്കണം
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (കിഫ്ബി) മസാല ബോണ്ട് വഴി വിദേശത്തുനിന്ന് 2150 കോടി രൂപ സമാഹരിച്ചത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മസാല ബോണ്ടുകള്‍ വാങ്ങിയത് കാനഡയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ സി.ഡി.പി.ക്യുവില്‍ നിന്നാണെന്നും ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയില്‍ ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ള (20 ശതമാനം) സി.ഡി.പി.ക്യുവിന് ബോണ്ടുകള്‍ വിറ്റതില്‍ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയ സി.ഡി.പി.ക്യു കനേഡിയന്‍ സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമാണെന്നും അവര്‍ക്കുമേല്‍ എസ്.എന്‍.സി ലാവ്‌ലിന് ഒരു അധികാരവും ഇല്ലെന്നും കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം പറയുന്നു.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ഇന്ത്യയിലെ സംസ്‌കാരവും രുചിവൈവിധ്യങ്ങളും അടിസ്ഥാനമാക്കിയാണ് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 'മസാല ബോണ്ടുകള്‍' എന്ന പേര് നല്‍കിയത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങള്‍ക്കായാണ് മസാല ബോണ്ട് വഴി കടമെടുക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ടിറക്കുന്നതിനാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞാലും നിക്ഷേപകര്‍ക്കായിരിക്കും നഷ്ടം സംഭവിക്കുക. എന്നാല്‍ കിഫ്ബിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് കടപ്പത്രങ്ങള്‍ വാങ്ങിയ കനേഡിയന്‍ സി.ഡി.പി.ക്യൂ (ക്യൂബെക്ക് ഡിപ്പോസിസ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്) കമ്പനിക്ക് എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള ബന്ധമാണ്. ലാവ്‌ലിന്‍ ഇടപാടിലൂടെ ലഭിച്ച കോടികള്‍ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാതിരുന്നതിന് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ പ്രതിയാക്കി കേസെടുത്തിരുന്നുവെങ്കിലും ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരേ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
സി.ഡി.പി.ക്യുവില്‍നിന്ന് കൊള്ളപ്പലിശക്ക് പണം കടമെടുക്കാന്‍ തീരുമാനിച്ചത് ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണെന്ന പ്രധാനമായും ഉയരുന്ന ആരോപണം എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ യഥാര്‍ഥ ഉടമകള്‍ സി.ഡി.പി.ക്യുവാന്നെന്നാണ് നിഗമനം. ബോണ്ടുകള്‍ ആരാണ് വാങ്ങിയതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ഇതു സംബന്ധിച്ച് സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ബജറ്റ് അവതരണ വേളയില്‍ പദ്ധതികള്‍ക്കാവശ്യമായ പണം കിഫ്ബി വഴി കണ്ടെത്തുമെന്നായിരുന്നു ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത്. അതിന്റെ പിന്നില്‍ സി.ഡി.പി.ക്യുവില്‍നിന്ന് കഴുത്തറപ്പന്‍ പലിശക്ക് ബോണ്ടുകള്‍ വഴി പണം സമാഹരിക്കാനുള്ള ലക്ഷ്യം ഉണ്ടായിരുന്നുവോ എന്നു തോന്നിപ്പോകുന്നു. പലിശ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണല്ലോ. കിഫ്ബിയിലേക്ക് ധനം ശേഖരിക്കുക പ്രധാനമായും പ്രവാസി ചിട്ടി ഫണ്ട് വഴിയായിരിക്കുമെന്നും ധനമന്ത്രി അന്നു പറഞ്ഞിരുന്നു. എന്നാല്‍ പ്രവാസി ചിട്ടി ഫണ്ട് വഴി പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് സി.ഡി.പി ക്യുവില്‍നിന്ന് ബോണ്ടുകള്‍ വഴി പണം കണ്ടെത്താന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് സി.ഡി.പി.ക്യു പ്രതിനിധികള്‍ കേരളത്തിലെത്തിയതും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും. ലണ്ടനിലായിരുന്നു ചര്‍ച്ചകളുടെ പര്യവസാനം. കിഫ്ബിയുടെ പ്രവര്‍ത്തനം, ഭരണനിര്‍വഹണം, അക്കൗണ്ടിങ് എന്നിവ സംബന്ധിച്ചെല്ലാം ലണ്ടനില്‍ തീരുമാനമെടുക്കുകയായിരുന്നു.
എന്നാല്‍ മസാല ബോണ്ടിലെ നിക്ഷേപകരുടെ പൂര്‍ണവിവരം പുറത്തുവിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇടപാടുകളെല്ലാം സുതാര്യമാണെങ്കില്‍ ഒളിച്ചുവയ്ക്കാനൊന്നുമില്ലെങ്കില്‍ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണം. ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടതു സര്‍ക്കാരിന്റെ പൂര്‍വകാല ബന്ധവും അതു കോടതിയില്‍ വരെ എത്തിയ സ്ഥിതിക്കും മസാല ബോണ്ട് ഇടപാടുകളിലൂടെ ഉയര്‍ന്നിട്ടുള്ള സംശയങ്ങളും ദുരൂഹതകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സംസ്ഥാനം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യുവില്‍നിന്ന് കഴുത്തറപ്പന്‍ പലിശക്ക് പണം കടം വാങ്ങുമ്പോള്‍ ഇടപാട് സംബന്ധിച്ച് ആരും സംശയിച്ചു പോകും. കാരണം നേരത്തെ ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങളാണ് മസാല ബോണ്ടുകള്‍ വഴി ധനസമാഹരണം നടത്തിയിരുന്നത്. ആഗോളതലത്തില്‍ തന്നെ ലാവ്‌ലിന്‍ കമ്പനി അഴിമതിയാരോപണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ കമ്പനിയെ സഹായിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ ഡോ സഹായിച്ചു എന്നതിന്റെ പേരില്‍ അദ്ദേഹം അഴിമതിയാരോപണം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഭരണത്തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയുമാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ലാവ്‌ലിന്‍ കമ്പനി ഉടമസ്ഥരായുള്ള സി.ഡി.പി.ക്യുവില്‍നിന്ന് മസാല ബോണ്ടുകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ധനം സമാഹരിക്കുന്നതില്‍ ദുരൂഹതയുണ്ട്. സര്‍ക്കാര്‍ അതു പരിഹരിക്കണം. മടിയില്‍ കനമില്ലെങ്കില്‍ വഴിയിലെന്തിനു പേടിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."