സ്വര്‍ണക്കടത്ത്: പ്രതികളെ കൊച്ചിയിലെത്തിച്ചു: മൊഴികള്‍ നിര്‍ണായകം, മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും
കൊച്ചി: സംസ്ഥാനത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിലെ എന്‍.ഐ.എ ഓഫിസിലെത്തിച്ചു. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയുമാണ് കൊച്ചിയിലെ എന്‍.ഐ.എ ഓഫിസിലെത്തിച്ചത്.
റോഡ് മാര്‍ഗം വാളയാര്‍ വഴി കൊച്ചിയിലെലെത്തിച്ച ഇവരെ കാണാനും പ്രതിഷേധിക്കാനും കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വന്‍ജനക്കൂട്ടമാണെത്തിയത്. പ്രതിപക്ഷ യുവജനസംഘടനകളും പ്രതിഷേധം കനപ്പിച്ചപ്പോള്‍ ഇവരെ മാറ്റാന്‍ പൊലിസിനു ബലം പ്രയോഗിക്കേണ്ടിവന്നു. ഇപ്പോഴും എന്‍.ഐ.എ ഓഫിസിനുമുമ്പില്‍ യുവജന സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്.
രണ്ട് ദിവസം മുന്‍പാണ് സ്വപ്നയും സന്ദീപും കേരളം വിട്ട് ബംഗളൂരുവില്‍ എത്തിയത്. എന്‍.ഐ.എ നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്.
എന്‍.ഐ.എ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഇന്നു മൂന്നരയോടെ ഹാജരാക്കുമെന്നാണറിയുന്നത്.
കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലിസിന്റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍.ഐ.എ ഇരുവരെയും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."