മധ്യപ്രദേശിലെ റെയ്ഡ്: ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസ് ആയുധമാക്കുന്നു
ഭോപ്പാല്‍:കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ നീക്കത്തിന് കോണ്‍ഗ്രസ് ആയുധമാക്കുന്നു.
മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട 50 ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഡല്‍ഹി, ഇന്‍ഡോര്‍, ഭോപ്പാല്‍, ഗോവ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
സംശയാസ്പദമായ രീതിയില്‍ പണം കൈകാര്യം ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. റെയ്ഡില്‍ ഒന്‍പത് കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി കമല്‍നാഥിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി(ഒ.എസ്.ഡി) പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേശകന്‍ ആര്‍.കെ മിഗലാനി, ചില കമ്പനികള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിനുള്ള സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് റെയ്ഡ് എന്ന് കമല്‍നാഥ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കാണുന്നതിന്റെ പരിഭ്രമമാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് കേന്ദ്രം ഇത്തരം നീക്കം തുടങ്ങിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാല്‍ റെയ്ഡിനെ തുടര്‍ന്ന് പരിഭ്രാന്തരായതുകൊണ്ടാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."