ആധുനിക ചോദ്യം ചെയ്യല്‍ മുറി ഉദ്ഘാടനം ഇന്ന്
കാസര്‍കോട്: പ്രതികളെ ആധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെ ചോദ്യം ചെയ്യുന്നതിനായി ജില്ലാപൊലിസ് ഒരുക്കിയ സയന്റിഫിക് ഇന്ററോഗേഷന്‍ റൂം ഇന്ന് രാവിലെ 10നു ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പൊലിസ് ആസ്ഥാനത്ത് സംസ്ഥാന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് റൂം തയ്യാറാക്കിയത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കൊച്ചി മേഖലാ ഐ.ജി പി. വിജയനാണ് ചോദ്യം ചെയ്യല്‍ മുറി രൂപകല്‍പ്പന ചെയ്തത്. സംസ്ഥാനത്തെ നാലാമത്തെ ശാസ്ത്രീയ ചോദ്യംചെയ്യല്‍ മുറിയാണ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലയിലെ ഏതു പൊലിസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത ഗൗരവപ്പെട്ട കേസുകളിലെ പ്രതികളെ ഈ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യാം.
ചോദ്യം ചെയ്യാന്‍ സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ വിവിധ ഏജന്‍സികളിലെ വിദഗ്ധരുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ജില്ലയിലുണ്ട്. ഇവിടെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി മുതിര്‍ന്ന പൊലിസുദ്യോഗസ്ഥര്‍ക്ക് യഥാസമയം ബന്ധപ്പെടാനുളള ഇന്റര്‍നെറ്റ് സംവിധാനവും ഇവിടെയുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഉദ്യോഗസ്ഥര്‍ക്ക് കാണാനും നിരീക്ഷിക്കാനുമാകും.
കുറ്റവാളികളെ ശാസ്ത്രീയമായി ചോദ്യം ചെയ്ത് നിജസ്ഥിതി അറിയുന്നതിനും, ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് സത്യം പറയിക്കുന്നതിനുമുളള ക്രമീകരണങ്ങള്‍ മുറിക്കകത്തുണ്ട്.
റിക്കാര്‍ഡിംഗ് സ്റ്റുഡിയോയുടെ മാതൃകയില്‍ സജ്ജീകരിച്ചിരിക്കുന്ന മുറിയില്‍ എയര്‍കണ്ടീഷന്‍, ഓഡിയോ, വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെയുളള സംവിധാനങ്ങളുമുണ്ട്. പുറത്തു നിന്നുളള ശബ്ദം മുറിക്കകത്ത് കടക്കാത്ത വിധത്തിലുളള രീതിയിലാണ് മുറിയുടെ നിര്‍മാണം. ചോദ്യം ചെയ്യല്‍ മുറിയില്‍ പ്രതിയെ കൂടാതെ മൂന്ന് പേര്‍ക്ക് ഇരിക്കാം.
ചോദ്യം ചെയ്യല്‍ നിരീക്ഷിക്കുന്നതിനും പ്രതിയുടെ ശാരീരിക മാനസിക അവസ്ഥകള്‍ നിരീക്ഷിക്കുന്നതിനും ഒബ്‌സര്‍വേഷന്‍ മുറിയും അടങ്ങുന്നതാണ് ഈ മുറി. ഒബ്‌സര്‍വേഷന്‍ റൂമില്‍ അനലൈസിംഗ് എക്യുപ്‌മെന്റ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക സോഫ്റ്റ്‌വെയറുകളാണ് അനലൈസിംഗ് എക്യുപ്‌മെന്റ്‌സുകളില്‍ കണക്ട് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിനു വിധേയമാക്കുന്ന പ്രതിയുടെ ഭാവഭേദങ്ങളും പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകളും യഥാസമയം ഒബ്‌സര്‍വേഷന്‍ മുറിയിലെ അനലൈസിംഗ് എക്യുപ്‌മെന്റ്‌സില്‍ ലഭിക്കും.
ഇതിലൂടെ ഒബ്‌സര്‍വേഷന്‍ റൂമിലെ സാങ്കേതിക വിദഗ്ധരായ പൊലിസുകാര്‍ക്ക് പ്രതി പറയുന്നതിലെ പൊരുത്തക്കേടുകളുടെ വിവരങ്ങള്‍ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."