മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സാ ചെലവില്‍ ഇളവ്
കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സാച്ചെലവില്‍ ഇളവ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലയിലെ നാല് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ ഘടകവും ധാരണയിലെത്തി.
മേപ്പാടി അരപ്പറ്റ വിംസ്, കല്‍പ്പറ്റ ഫാത്തിമ മാതാ, ബത്തേരി വിനായക, മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രി അധികൃതരുമായാണ് ധാരണയുണ്ടാക്കിയതെന്ന് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി വാസുദേവന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കെ.വി മാത്യു, വൈസ് പ്രസിഡന്റ് കെ. ശശിധരന്‍, സെക്രട്ടറി പി. കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫോറത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് ആശുപത്രികളില്‍ ഇളവിനു അര്‍ഹത. വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പരിശോധന സൗജന്യമായിരിക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ പരിശോധന ഫീസില്‍ 25 ശതമാനം ഇളവ് ഉണ്ടാകും. ഐ.പി വിഭാഗം സേവനത്തിനു ബില്ലിന്റെ 10 ശതമാനം ഇളവ് അനുവദിക്കും. മരുന്നു വിലയില്‍ ഒ.പി വിഭാഗത്തില്‍ പത്തും ഐ.പി വിഭാഗത്തില്‍ അഞ്ചും ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ഫാത്തിമ മാതാ ആശുപത്രിയില്‍ ഒ.പി വിഭാഗം സ്ഥിരം ഡോക്ടര്‍മാരുടെ പരിശോധന ഫീസില്‍ 50 രൂപ ഇളവുണ്ടാകും. ഐ.പി വിഭാഗം സേവനത്തിനു ബില്ലിന്റെ പത്തുശതമാനം ഇളവ് നല്‍കും. മരുന്നു വിലയില്‍ ഇളവ് ഇല്ല. സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ പരിശോധനക്ക് എമര്‍ജന്‍സി, കാഷ്വാലിറ്റി വിഭാഗങ്ങളില്‍ നൂറും ഒപിയില്‍ 50-ഉം രൂപ ഇളവ് നല്‍കും. ഐ.പി വിഭാഗത്തില്‍ മരുന്നു ഒഴികെ ബില്ലിന്റെ 10 ശതമാനമായിരിക്കും ഇളവ്. വിനായക ആശുപത്രിയില്‍ മരുന്നു വിലയില്‍ ഏഴും ഇന്‍വെസ്റ്റിഗേഷനു പത്തും ഐ.പി വിഭാഗം ബില്ലില്‍ 20-ഉം ശതമാനം ഇളവ് ലഭിക്കും.
ധാരണയെക്കുറിച്ച് വിശദീകരിക്കുന്നതിനു 16ന് രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി ലൂഥറന്‍ ചര്‍ച്ച് ഹാളിലും 21നു രാവിലെ 10നു അമ്പലവയല്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളിലും 23ന് രാവിലെ 10ന് മുട്ടില്‍ പഞ്ചായത്ത് ഹാളിലും 26ന് രാവിലെ 10ന് പനമരം പഞ്ചായത്ത് ഹാളിലും മുതിര്‍ന്ന പൗരന്മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."