കൊല്ലം ബൈപാസ്: നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി
കൊല്ലം: കൊല്ലം ബൈപാസിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെത്തി. എന്‍.കെ പ്രമചന്ദ്രന്‍ എം.പിയുടെ ആവശ്യപ്രകാരമാണു സംഘമെത്തിയ നിര്‍മാണപ്രവൃത്തികള്‍ പരിശോധിച്ചത്. നിര്‍മാണം വൈകുന്നതില്‍ എം.പി കേന്ദ്ര ഉദ്യോഗസ്ഥരോട് ആശങ്ക അറിയിച്ചു.
പരിശോധനയുടെ ഭാഗമായി നടന്ന അവലോകന യോഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി കാലാവധി വേണമെന്ന കരാറുകാരന്റെ ആവശ്യത്തെ എം.പി നിരാകരിച്ചു. 86 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പെയ്‌തൊഴിയാത്ത മഴ കാരണം ടാറിങ് നടത്താന്‍ കഴിയില്ലെന്ന സാങ്കേതികത്വമാണ് കരാറുകാര്‍ മുന്നോട്ടുവച്ചത്. ആധുനികമായ രീതിയിയില്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ടാറിങ്ങിന് മഴ തടസമാണെന്നത് കേന്ദ്ര സംഘം അംഗീകരിച്ചു. എന്നാല്‍ മറ്റു ജോലികള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും റോഡിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചു.
പ്രതികൂലമായ കാലാവസ്ഥ കാരണം ടാറിങ് ചെയ്യാന്‍ കഴിയില്ലെന്ന സാങ്കേതിക വശം യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ മൂന്നു മാസം കൂടി കാലാവധി വേണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും യുദ്ധാകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
എം.പിയുടെ ആവശ്യത്തെ തുടര്‍ന്ന് ബൈപാസ് നിര്‍മാണത്തിന്റെ പുതുക്കിയ ഷെഡ്യൂള്‍ നല്‍കണമെന്നും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുന്നവിധം ഷെഡ്യൂള്‍ ക്രമീകരിക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത റിജ്യനല്‍ ഓഫിസര്‍ വി.വി ശാസ്ത്രി നിര്‍ദേശം നല്‍കി. മേവറം, കല്ലുംതാഴം, കടവൂര്‍, നീരാവില്‍, കാവനാട് തുടങ്ങി സ്ഥലങ്ങളും പാലങ്ങളും സംഘം സന്ദര്‍ശിച്ച് വിലയിരുത്തി. നീരാവില്‍ റി-ഇന്‍ഫോഴ്‌സ്‌മെന്റ് വാള്‍ നിര്‍മിച്ച സ്ഥലത്തു മണ്ണ് താഴ്ന്നത് സന്ദര്‍ശിച്ച സംഘം ശാക്തീകരണത്തിനാവശ്യമായ നിര്‍ദേശം നല്‍കി. അതിനായി പ്രത്യേക രൂപകല്‍പന പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഉറപ്പുനല്‍കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടാക്കിയ അസ്സല്‍ കരാര്‍ പ്രകാരം 2017 സെപ്റ്റംബറിലാണു പ്രവൃത്തി പൂര്‍ത്തീകരിച്ച് കമ്മിഷന്‍ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഈ സര്‍ക്കാരിന്റെ കാലയളവില്‍ കാലാവധി ഒന്‍പത് മാസം ദീര്‍ഘിപ്പിച്ച് ഓഗസ്റ്റ് 22 വരെ സമയം അനുവദിച്ചു.
ദീര്‍ഘിപ്പിച്ച കരാര്‍ പ്രകാരം ഓഗസ്റ്റ് 22 നാണ് പ്രവൃത്തി പൂര്‍ത്തീയാക്കി ബൈപാസ് കമ്മിഷന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആ കാലാവധിക്കുളളില്‍ പ്രവൃത്തി തീരില്ല എന്നതിനാലാണ് എം.പി ആശങ്ക അറിയിച്ചത്. ബൈപാസിലേക്ക് എത്തിച്ചേരുന്ന പോക്കറ്റ് റോഡുകള്‍ ഒന്നും തന്നെ അടയ്ക്കുകയില്ല എന്നും പോക്കറ്റ് റോഡില്‍ നിന്ന് ബൈപാസില്‍ പ്രവേശിക്കുന്നതിന് അനുയോജ്യമായ തരത്തില്‍ ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗം സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി നിര്‍മാണം നടത്തുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയോടൊപ്പം കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത റീജ്യനല്‍ ഓഫിസര്‍ വി.വി ശാസ്ത്രി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഡോ. സിനി, ടീം ലീഡര്‍ സെല്‍വരാജ്, ബ്രിഡ്ജ് എന്‍ജിനീയര്‍ രാജലിംഗം, പ്രോജക്ട് മാനേജര്‍ ദേവരാജന്‍, ജനറല്‍ മാനേജര്‍ സുധാകരന്‍, കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ ലാല്‍ജി, ആര്‍.ഡി.എസ്.സി.വി.സി.സി മാനേജ്‌മെന്റ് കോഡിനേറ്റര്‍ അനൂപ് ദാമോദരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും അവലോകന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."