കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നെന്നും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രോഗം വ്യാപകമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോണ്‍ നുമ്പേലിയും മറ്റും സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം. സമരങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും നടപടി എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലെന്ന് കോടതി വാക്കാല്‍ നീരീക്ഷിച്ചു. കേസ് ഇന്നു വീണ്ടും പരിഗണിക്കും. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മിഷന് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."