രോഗനിയന്ത്രണം ഈ വര്‍ഷം അവസാനത്തോടെ മാത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. കൊവിഡ് പ്രതിരോധ ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 6 മാസമായി. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന്റെ പകര്‍ച്ച വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. പഞ്ചായത്ത് കമ്മിറ്റികളും നഗരസഭകളും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തണം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം, ഐ.സി.ഡി.എസ്, കുടുംബശ്രീ തുടങ്ങി പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കണം.
രോഗികള്‍ക്ക് വൈദ്യസഹായമെത്തിക്കുക, രോഗികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യമൊരുക്കുക, സമൂഹത്തിലുള്ള ഭീതി അകറ്റുക, പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക, പ്രായാധിക്യമുള്ളവരെയും ഇതര രോഗങ്ങളുള്ളവരെയും സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുക എന്നിവയ്ക്ക് തുടര്‍ന്നും മുന്‍ഗണന നല്‍കണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഇത്തരത്തിലുള്ള പ്രാദേശിക മാതൃകകള്‍ പങ്കുവയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും വേണം. കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ ശക്തി നാം ഈ കാര്യത്തില്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."