കല്‍ക്കാജിയില്‍ പോത്തുകളെ കൊണ്ടുപോകുകയായിരുന്ന മൂന്നുപേര്‍ക്കു നേരെ ആക്രമണം
ന്യൂഡല്‍ഹി: പോത്തുകളെ കൊണ്ടുപോകുകയായിരുന്ന മൂന്നുപേര്‍ക്കു നേരെ ആക്രമണം. ഡല്‍ഹിയിലെ കര്ക്കാജിയിലാണ് സംഭവം. ഹരിയാനയിലെ പട്ടൗഡിയില്‍ നിന്ന് ഗാസിയാപുരിലേക്ക് പോത്തുകളെ കടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ ശശാങ്ക് ശര്‍മ്മ എന്നയാളെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനാ പ്രവര്‍ത്തകനാണിയാള്‍.
പട്ടൗഡി നിവാസികളായ റിസ്വാന് (25), കാമില്‍ (25), അഷു (28) എന്നിവര്‍ക്കു നേരെയാണ് ക്രൂരമായ മര്‍ദനമുണ്ടായത്. പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ഭാരവാഹിയായ ഗൗരവ് ഗുപ്ത നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. ഗുപ്തയ്ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും കണ്ടെത്താനായിട്ടില്ലെന്നും ഡി.സി.പി റോമില്‍ ബാനിയ പറഞ്ഞു.
സംഭവത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് ബന്ധമുള്ളതാണ് സൂചന. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടനയുടെ ചെയര്‍പേഴ്സനാണ് മേനകാ ഗാന്ധി. മുന്‍പ് പശുക്കളെ കടത്തുന്നുവെന്നു കാട്ടി ഗുപ്ത നല്കിയ നാലു പരാതികളിലും നല്‍കിയിരുന്നത് മേനകാ ഗാന്ധിയുടെ ഔദ്യോഗിക വിലാസമായിരുന്നു. മേനകാ ഗാന്ധിയോട് ഇക്കാര്യം ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."