അഭയാര്‍ഥികളെ മെക്‌സിക്കോയിലേക്ക് തിരിച്ചയക്കുന്നത് കോടതി റദ്ദാക്കി
വാഷിങ്ടണ്‍: യു.എസിലേക്ക് കടന്ന അഭയാര്‍ഥികളെ മെക്‌സിക്കോയിലേക്ക് തിരിച്ചയക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം യു.എസ് ഫെഡറല്‍ കോടതി ജഡ്ജി റദ്ദാക്കി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ മെക്‌സിക്കോയില്‍ കാത്തിരിക്കാനുള്ള നടപടികളാണ് സാന്‍ഫ്രാന്‍സിസ്‌കോ ജില്ലാ കോടതി ജഡ്ജി റിച്ചാര്‍ഡ് സീബോര്‍ഗ് റദ്ദാക്കിയത്.
സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിന് പകരം ഭരണകൂടം ഇവരെ സംരക്ഷിക്കാനെങ്കിലും തയാറാകണമെന്നും ജഡ്ജി പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തി വഴി യു.എസിലേക്ക് എത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുന്ന ട്രംപിന്റെ നയത്തിനുള്ള ശക്തമായ തിരിച്ചടിയാണ് കോടതിവിധി.
വെള്ളിയാഴ്ച മുതല്‍ കോടതിവിധി പ്രാബല്യത്തില്‍ വരും. കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് യു.എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സിജന്‍ നീല്‍സന്‍ രാജിവച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്. കോടതിവിധി സംബന്ധിച്ച് യു.എസ് ആഭ്യന്തരസുരക്ഷാ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ജില്ലാകോടതി വിധിക്കെതിരേ ഉന്നത കോടതിയില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. യു.എസിലെ മനുഷ്യാവകാശ സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."