തോട് വൃത്തിയാക്കുന്നില്ല; വീടും പരിസരവും വെള്ളക്കെട്ടായി മാറുന്നതായി പരാതി
ചാരുംമൂട്: തോട് വൃത്തിയാക്കാത്തതുമൂലം വീടും പരിസരവും വെള്ളക്കെട്ടായി മാറുന്നതായി പരാതി. ക്ഷേത്ര മടങ്ങുന്ന കാവിന്റെ പരിസരത്തുകൂടിയുള്ള തോട് വൃത്തിയാക്കണമെങ്കില്‍ ക്ഷേത്രതന്ത്രിയുടെ അനുവാദം വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി. പാലമേല്‍ പഞ്ചായത്തില്‍ മാമൂട് വാര്‍ഡിലെ പൊങ്ങത്തില്‍ മുനീര്‍ മന്‍സിലില്‍ ജമാല്‍ റാവുത്തറാണ് പഞ്ചായത്ത് തോട് വൃത്തിയാക്കത്തതുമൂലം വീടും പരിസരവും വെള്ളക്കെട്ടിലാകുന്നതിനാല്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതു കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയത്.
എന്നാല്‍ പഞ്ചായത്ത് തോട് വൃത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ പിന്നീട് തന്ത്രിയുടെ അനുവാദം വേണമെന്ന വിചിത്ര അറിയിപ്പുമായി രംഗത്തെത്തിയത്.പഞ്ചായത്ത് തോടിന്റെ മുന്നൂറ് മീറ്റര്‍ മാറിയാണ് കനാല്‍ ഒഴുകുന്നത്. കനാല്‍ തുറന്നു വിടുമ്പോഴും മഴക്കാലമാകുമ്പോള്‍ തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളവും കാവിന്റെ ഭാഗത്ത് ഇലയും കാടും വളര്‍ന്ന് അടഞ്ഞുകിടക്കുന്നതിനാല്‍ കെട്ടിക്കിടക്കുകയാണ്. ഇതു മൂലം സമീപവാസിയായ ജമാല്‍ റാവുത്തറിന്റെ വീടും പരിസരവും വെള്ളക്കെട്ടായി മാറുകയും ചെയ്യും.
തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് വൃത്തിയാക്കുമെന്ന് അധികൃതര്‍ മറുപടി നല്‍കി. തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് വൃത്തിയാക്കിയെങ്കിലും ക്ഷേത്രത്തിനും കാവിനും അതിനോട് ചേര്‍ന്നുള്ള ഭാഗങ്ങളും വൃത്തിയാക്കുവാന്‍ തയ്യാറായില്ല. ക്ഷേത്രവും, കാവും വിശ്വാസത്തിന്റെ ഭാഗമായ തുകൊണ്ടാണ് തോടിന്റെ ഈ ഭാഗം സ്ത്രീകള്‍ വൃത്തിയാക്കാതിരുന്നതെന്നും പുരുഷ തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു.എന്നാല്‍ ഈ തീരുമാനവും നടപ്പാക്കാത്തതിനെ ജില്ലാ കളക്ടര്‍ക്ക് സേവന സ്പര്‍ശം പരിപാടിയില്‍ ഉള്‍പ്പെടുത്തി വീണ്ടും പരാതിപ്പെട്ടപ്പോഴാണ് ക്ഷേത്രം തന്ത്രിയുടെ അനുവാദം ഉണ്ടായാല്‍ മാത്രമേ വള്ളിപ്പടര്‍പ്പുകള്‍ മുറിച്ചുമാറ്റി തോട് വൃത്തിയാക്കുവാന്‍ കഴിയൂമെന്ന പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടി നല്‍കിയത്.
ക്ഷേത്ര വിശ്വാസത്തിനെതിരെയല്ലെന്നും, വെള്ളക്കെട്ട് ഉണ്ടാകുമ്പോള്‍ തനിക്കും കുടുംബത്തിനും ജീവിക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ജമാല്‍ പറയുന്നു. അടിയന്തിരമായി തോട് വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ജമാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."