ഭര്‍ത്താവ് ഭാര്യയേയും ഒന്നര വയസുകാരിയായ മകളേയും കുത്തി പരിക്കേല്‍പ്പിച്ചു
പെരുമ്പാവൂര്‍: സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയേയും ഒന്നര വയസുകാരിയായ മകളേയും വെട്ടിയും കുത്തിയും പരിക്കേല്പിച്ചു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവിന് സമീപം കനാല്‍ ബണ്ടില്‍ താമസിക്കുന്ന ഈയംകുഴി വീട്ടില്‍ ബിനു (45) ആണ് ഭാര്യ അജിത (35), മകള്‍ ശിവനന്ദിനി (ഒന്നര) എന്നിവരെ കുത്തിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ശിവനന്ദിനിയുടെ നില അതീവഗുരുതരമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ബിനു മുംൈബയിലേക്കുള്ള ഒരാഴ്ചത്തെ ഓട്ടം കഴിഞ്ഞ് ഇന്നലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. മദ്യപിച്ചെത്തുന്ന ദിവസം സംശയത്തിന്റെ പേരില്‍ ബിനു ഭാര്യയെ തല്ലുന്നത് പതിവായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.
ഇന്നലെ രാവിലെ സമീപത്തെ കടയില്‍ മകളെയും കൂട്ടിയെത്തിയ ബിനു വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങിപ്പോകുകയും ചെയ്തിരുന്നു. കുറച്ചുസമയത്തിനുശേഷം വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അജിത വെട്ടേറ്റ് ചോരയൊലിപ്പിച്ച മകളെയും എടുത്ത് റോഡിലേക്ക് ഓടി എത്തുകയായിരുന്നു.
പിന്നാലെ കത്തിയും ഉയര്‍ത്തിപിടിച്ച് ബിനുവും പാഞ്ഞടുക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കത്തിപിടിച്ചുവാങ്ങി ബിനുവിനെ പൊലിസിലേല്‍പിച്ചു. അജിതയുടെ വയറിലും പുറത്തുമാണ് കുത്തേറ്റത്. കുട്ടിയുടെ കഴുത്ത്, കവിള്, കൈ തുടങ്ങിയ ഇടങ്ങളിലാണ് വെട്ടേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."