സൗത്ത് ബീച്ച് സുന്ദരിയായിട്ടും ലോറി പാര്‍ക്കിങ് മാറ്റമില്ല
കോഴിക്കോട്: സൗത്ത് ബീച്ച് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായിട്ടും സമീപത്തെ ലോറി പാര്‍ക്കിങ് മാറ്റുന്ന നടപടികള്‍ ഒന്നുമായില്ല. നേരത്തെ പാര്‍ക്കിങ് മാറ്റുമെന്ന് ഉറപ്പു നല്‍കിയ മേയര്‍ അവസാനം പാര്‍ട്ടിയുടെ യൂനിയന്‍ സമ്മര്‍ദത്തിന് നിലപാട് മാറ്റിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു തുടങ്ങി.
നിരവധി അപകട മരണങ്ങള്‍ക്ക് കാരണമായ അനധികൃത ലോറി പാര്‍ക്കിങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് നഗരവാസികള്‍ക്ക് ഉറപ്പ് നല്‍കിയ മേയര്‍ ഭരണപക്ഷ യൂനിയന്‍ നടത്തുന്ന ലോറി പാര്‍ക്കിങിന് അനുകൂലമായി നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് സൗത്ത് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
നാല് കോടി രൂപ മുടക്കി ബീച്ച് സൗന്ദര്യവല്‍ക്കരണം നടത്തിയത് ജൂലൈ 19ന് ഉദ്ഘാടനം ചെയ്യാനിരിക്കെ നൂറ് കണക്കിന് ലോറി ഡ്രൈവര്‍മാരുടെ ശൗചാലയമാക്കി ബീച്ചിനെ മാറ്റിയിരിക്കുകയാണ്. സായാഹ്നം ചിലവഴിക്കാന്‍ വരുന്ന ആയിരകണക്കിന് ജനങ്ങളോട് കോര്‍പറേഷനും ലോറി യൂണിയനും കാണിക്കുന്ന സമീപനം അവസാനിപ്പിക്കാത്ത പക്ഷം ജനകീയ പങ്കാളിത്തത്തോടെ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വംനല്‍കുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.വി ഉസ്മാന്‍ കോയ അധ്യക്ഷനായി. അഡ്വ. എ.വി അന്‍വര്‍ സ്വാഗതവും ഫൈസല്‍ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ സെക്രട്ടറി ഡോ. ഷെരീഫ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍ കോയ, കൗണ്‍ലിര്‍മാരായ സി. അബ്ദുറഹിമാന്‍, ഷമീല്‍ തങ്ങള്‍, സി.പി ശ്രീകല, കെ. നിര്‍മ്മല, സി.ടി സക്കീര്‍ ഹുസൈന്‍, ടി. മൊയ്തീന്‍കോയ, എ.ടി മൊയ്തീന്‍, എം.പി മൊയ്തീന്‍ ബാബു, കോയ, ഹമീദ് കോട്ടുമ്മല്‍, പി. സക്കീര്‍, എം.എം കാതിരി കോയ, എം.പി കോയട്ടി, സിറാജ് കപ്പാസി, ഐ.പി അശറഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."