ടാര്‍ നിര്‍മാണ കമ്പനിക്കെതിരേയുള്ള സമരപ്പന്തല്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു
പാലക്കാട്: വടക്കഞ്ചേരി കരിങ്കുന്നം പുഷ്പചാല്‍ പ്രദേശത്ത് നിര്‍മാണം തുടങ്ങാന്‍ പോകുന്ന ടാര്‍ കമ്പനിക്കെതിരേ പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും നടത്തുന്ന സമരപ്പന്തല്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി സന്ദര്‍ശിച്ചു.
കമ്പനിയുടെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ സ്‌കൂളും ആരാധനാലയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചട്ടങ്ങള്‍ പാലിച്ചാണോ കമ്പനിക്ക് നിര്‍മാണ അനുമതി നല്‍കിയതെന്നും വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങിലാണ് നൂറിലധികം സ്ത്രീകള്‍ ഒപ്പിട്ട പരാതി കമ്മീഷന്‍ മുന്‍പാകെയെത്തിയത്. തുടര്‍ന്നാണ് കമ്മീഷന്‍ സ്ഥലം നേരിട്ടെത്തി സന്ദര്‍ശിച്ചത്.
വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മേധാവിക്കും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരാതികളയയ്ക്കുകയും ചെയ്തുവെന്നാരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥ നല്‍കിയ പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ച് ഫുള്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
സ്വന്തമായി വീടില്ലാതെ പുറമ്പോക്കിലെ കൂരയില്‍ താമസിക്കുന്ന നാല് പെണ്‍കുട്ടികളുടെ മാതാവിന് സ്വന്തമായി വീടും സ്ഥലവും നല്‍കാന്‍ ജില്ലാ കലക്റ്ററോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
53 പരാതികളില്‍ 26 പരാതികള്‍ ഇന്നലെ നടന്ന സിറ്റിങില്‍ തീര്‍പ്പാക്കി.
പൊലിസ് റിപ്പോര്‍ട്ടിന് വേണ്ടി 10 കേസുകള്‍ മാറ്റിവച്ചു. പുതുതായി ലഭിച്ച പത്ത് പരാതികളടക്കം 27 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."