ബഹ്റൈനിലെ മലയാള മാധ്യമ കൂട്ടായ്മ കെ.എം.എഫിന്റെ ‘ഫീനാ ഖൈര്‍’ രണ്ടാം ഘട്ട ഭക്ഷണ കിറ്റ് വിതരണം
മനാമ: ബഹ്റൈനിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയ ഫോറം (കെ.എം.എഫ്) ‘ഫീനാ ഖൈര്‍’ എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട ഭക്ഷണ കിറ്റ് വിതരണം നടത്തി.
ബഹ്റൈനിലെ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചെയര്മാൻ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ‘വീട്ടില്‍ ഭക്ഷണം’ പരിപാടിയുടെ ഭാഗമായാണ് ഭക്ഷണക്കിറ്റുകൾ കെ.എം.എഫ് കൂട്ടായ്മക്ക് കൈമാറിയത്.
ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്ന് എക്സിക്യൂട്ടിവ് അംഗം ജലീൽ അബ്ദുല്ല കിറ്റുകൾ ഏറ്റുവാങ്ങി.
വൺ ഹോസ്പിറ്റാലിറ്റി ജനറല്‍ മാനേജർ ആൻറണി പൗലോസ് കണ്ണമ്പുഴ, എക്സിക്യൂട്ടിവ് അംഗങ്ങളായ അൻവർ മൊയ്തീൻ, ബോബി തേവേരിൽ, ഹാരിസ് തൃത്താല, അനിൽ കെ, ആൻറണി കെ. എന്നിവർ സന്നിഹിതരായിരുന്നു.
അര്‍ഹരായ ആളുകളുടെ സിപിആര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് കൂട്ടായ്മ കിറ്റ് വിതരണം നടത്തുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ആശ്വാസമാകുകയാണ് ക്യാപിറ്റല്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്ന് കെ.എം.എഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
സുപ്രഭാതം ഉള്‍പ്പെടെ ബഹ്റൈനിലെ വിവിധ മാധ്യമങ്ങളുടെ ലേഖകന്മാര് ഉള്‍പ്പെട്ട ഈ കൂട്ടായ്മക്കു കീഴില്‍ നേരത്തെയും ഭക്ഷണ കിറ്റ് വിതരണം നടന്നിരുന്നു. കൂടാതെ ബഹ്റൈനില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത സൗജന്യ യാത്രാ വിമാനത്തിലേക്ക് സൗജന്യ ടിക്കറ്റ്, നിര്‍ധനനായ പ്രവാസിയുടെ കുടുംബത്തിന് സഹായം തുടങ്ങിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ പങ്കാളിത്തം വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."