അവഗണനയില്‍ വീര്‍പ്പുമുട്ടി വില്ലേജ് ഓഫിസ്
ആലക്കോട്: വില്ലേജ് ഓഫിസുകള്‍ പലതും സ്മാര്‍ട്ടാകുമ്പോള്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണു വെള്ളാട് വില്ലേജ് ഓഫിസ്. മൂന്നു ചെറിയ മുറികളുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
1983ലാണു വെള്ളാട് വില്ലേജ് ഓഫിസ് ആരംഭിച്ചത്. 5,562 ഹെക്ടര്‍ വിസ്തൃതിയുള്ള വില്ലേജിന് അന്നത്തെ ജനസംഖ്യാ അനുപാതവും ഓഫിസില്‍ എത്തുന്നവരുടെ എണ്ണവും കണക്കാക്കി ചെറിയ കെട്ടിടമാണു നിര്‍മിച്ചത്. അറന്നൂറില്‍ താഴെ ചതുരശ്ര അടി വിസ്തീര്‍ണം മാത്രമേ കെട്ടിടത്തിനുള്ളൂ. ആലക്കോട്, നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന തടിക്കടവ്, നടുവില്‍ പ്രദേശങ്ങള്‍ അടങ്ങിയ വെള്ളാട് വില്ലേജില്‍ ജനസംഖ്യയും ഓഫിസില്‍ എത്തുന്നവരുടെ എണ്ണവും പതിന്മടങ്ങു വര്‍ധിച്ചിട്ടും കെട്ടിടം അതിനനുസരിച്ചു പുനര്‍നിര്‍മിക്കാത്തതാണു ദുരവസ്ഥയ്ക്കു കാരണം.
ദിനംപ്രതി ഇരുന്നൂറോളം പേരെത്തുന്ന ഓഫിസില്‍ സ്ഥലപരിമിതി മൂലം ആളുകള്‍ക്കു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മേശകളും കസേരകളും നിരത്തിയിട്ടു കഴിഞ്ഞാല്‍ ജീവനക്കാര്‍ക്കു പോലും നിന്നുതിരിയാന്‍ ഇടമില്ല.
മേശയും കസേരയും അടക്കമുള്ള ഫര്‍ണിച്ചറുകള്‍ ആവശ്യത്തിനില്ല, ഉള്ളവ ജീര്‍ണാവസ്ഥയിലും. ഫയലുകളും റിക്കോര്‍ഡുകളും സൂക്ഷിക്കാന്‍ ആവശ്യത്തിന് അലമാരകളോ റാക്കോ ഇല്ലാത്തതിനാല്‍ ഫയലുകളും മറ്റും മേശയിലും കസേരയിലും അടുക്കിവയ്‌ക്കേണ്ടി വരുന്നു. അഞ്ചു ജീവനക്കാര്‍ വേണ്ടിടത്തു വില്ലേജ് ഓഫിസര്‍ അടക്കം നാലുപേര്‍ മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."