ഹജ്ജ് 2020: ഉന്നതാധികാര സമിതി യോഗം ചേർന്നു ഒരുക്കങ്ങൾ വിലയിരുത്തി
റിയാദ്: പരിമിതമായ തീർത്ഥാടകരുമായി നടക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്ര ബാക്കി നിൽക്കെ സഊദി ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. കൊവിഡ് 19 വൈറസ് ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെ നടക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മം സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് സഊദി ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാര സമിതി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു വിലയിരുത്തിയത്. യോഗത്തിൽ സുരക്ഷാ വിഭാഗത്തിന് കീഴിലെ വിവിധ വകുപ്പ് മേധാവികളും ഹജ്ജ് സുരക്ഷാ മേധാവികളും പങ്കെടുത്തു.
കൊറോണ വൈറസ് രോഗ പ്രതിരോധ മുൻകരുതൽ നടപടികൾ, പുണ്യ സ്ഥലങ്ങളിലെ തീർത്ഥാടകരുടെ യാത്രകൾ, ഹജ്ജ് കർമ്മങ്ങൾ സുഗമമായി അനുഷ്ഠിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ സുരക്ഷ, പ്രതിരോധം, ആരോഗ്യം, ട്രാഫിക് തുടങ്ങിയ വിഷയങ്ങളും ഹജ്ജ് സുഗമമാക്കുന്നതിന് ആവശ്യമായ സേവനങ്ങളുമുൾപ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട മുഴുവൻ മുഴുവൻ ഒരുക്കങ്ങളും സൗകര്യങ്ങളും ഉന്നതാധികാര സമിതി വിലയിരുത്തി. കൊവിഡ് വൈറസ് പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടകർക്ക് വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുല്മ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും നിർദേശം നൽകിയ കാര്യം യോഗത്തിനിടയിൽ ആഭ്യന്തരമന്ത്രി വകുപ്പ് നേതാക്കളോട് ഉണർത്തി. ഏറ്റവും ഉയർന്ന ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾക്ക് അനുസൃതമായി ഹജ്ജ് സുഗമവും സുരക്ഷിതവുമാക്കുവാനും നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
കൊവിഡ് വൈറസ് ഭീഷണി പശ്ചാത്തലത്തിൽ ഈ വർഷം വെറും പതിനായിരം ഹാജിമാരുമായാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുക. ഇവയിൽ ഏഴായിരം തീർത്ഥാടകർ സഊദിക്കകത്ത് നിന്നുള്ള വിദേശികളും മുവ്വായിരം തീർത്ഥാടകർ സഊദി പൗരന്മാരുമായിരിക്കും. 160 രാജ്യങ്ങളിലെ വിദേശികൾ ഇലക്ട്രോണിക് സംവിധാനം വഴി സ്ക്രീനിംഗ് നടത്തി ഹജ്ജിനു അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്ക് അന്തിമ അനുമതി ലഭ്യമായിട്ടില്ല. ആദ്യ ഘട്ട ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കുന്ന തീർത്ഥാടകർ കൊവിഡ് പരിശോധന നടത്തി വൈറസ് മുക്തരാണെന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർക്ക് മാത്രമായിരിക്കും അന്തിമ അനുമതി ലഭിക്കുക. കഴിഞ്ഞ വർഷം 25 ലക്ഷത്തോളം ഹാജിമാരാണ് ഹജ്ജ് കർമ്മങ്ങൾക്കായി എത്തിച്ചേർന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."