കേബിള്‍ യൂനിറ്റ് തുടങ്ങിയ പ്രവാസിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി
അന്തിക്കാട്: പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ കേബിള്‍ യൂനിറ്റ് ആരംഭിച്ചയാളെ സാമൂഹിക വിരുദ്ധരെ ഉപയോഗിച്ച് പീഡിപ്പിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി. പടിയം അല്‍ ജസീറ കമ്മ്യൂണിക്കേഷന്‍ ഉടമ ഷിബു മേനോത്ത് പറമ്പിലാണ് പരാതി നല്‍കിയത്.
പ്രവാസ ജീവിതം മതിയാക്കിയ ഷിബു നാട്ടില്‍ ആറ് മാസം മുന്‍പ് കേബിള്വ്യവസായ യൂനിറ്റ് ആരംഭിച്ചത്. ഇതിനകം 300 കണക്ഷനുകള്‍ നല്കിയ സ്ഥാപനത്തിന്റെ കേബിളുകള്‍ മുറിച്ചു മാറ്റിയും ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തിയുമാണ് പീഡനം.
ഇതു മൂലം ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നതായി ഉടമ ഷിബു പറഞ്ഞു. അന്തിക്കാട്, മണലൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് കേബിള്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. കേബിളുകള്‍ വ്യാപകമായി മുറിച്ചുമാറ്റുകയും ചിലയിടങ്ങളില്‍ സംപ്രേഷണം തടസമാകുന്ന രീതിയില്‍ കേബിളുകളില്‍ ആണികള്‍ തറച്ച് ദ്വാരമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പടിയം ചൂരക്കോട്ട് നടയിലെ ഓഫിസിലെത്തി വനിത ജീവനക്കാരെ ഭീഷണിപെടുത്തുന്നതും പതിവായി. വധഭീഷണിയും ആക്രമണങ്ങളും അധികമായപ്പോള്‍ പൊലിസില്‍ പരാതി നല്കി.
എന്നാല്‍ തുടര്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ,ഡിജിപി എന്നിവര്‍ക്ക് പരാതി നല്കി നടപടിക്കായി കാത്തിരിക്കുകയാണ് ഷിബു. സാമൂഹിക വിരുദ്ധരുടെ അധിക്രമങ്ങള്‍ തുടരുന്നതിനാല്‍ വ്യവസായം മുന്നോട്ടു കൊണ്ട് പോകാനാകാതെ രംഗം വിടാനും വീണ്ടും വിദേശത്തേക്ക് തന്നെ തിരിച്ചു പോകാനുമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
99 രൂപക്ക് 150 ചാനലുകള്‍ നല്‍കുകയും ഇന്റര്‍നെറ്റ് കണക്ഷന് എടുക്കുന്നവര്‍ക്ക് 3000 രൂപയുടെ മോഡം സൗജന്യമായി നല്‍കുകയും ചെയ്തതാണ് തനിക്കും സ്ഥാപനത്തിനുമെതിരേ ആക്രമണം അഴിച്ചു വിടുവാന്‍ കാരണമെന്ന് ഷിബു മേനോത്ത് പറമ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."