പിറക്കാനിരിക്കുന്ന കുഞ്ഞിന് നേരെ വംശീയാധിക്ഷേപം; ചുട്ട മറുപടി നല്‍കി സെറീന
ബുക്കാറസ്റ്റ്: പിറക്കാന്‍ പോകുന്ന കുഞ്ഞിന് നേരെ വംശീയ വിദ്വേഷത്തിന്റെ വിഷം ചീറ്റി വനിതാ ടെന്നീസ് ഇതിഹാസം റുമാനിയയുടെ ഇല്ലിയ നസ്താസ. ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടി ഇതിഹാസ പദവിയിലേക്കുയര്‍ന്ന അമേരിക്കയുടെ സെറീന വില്ല്യംസിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയാണ് മുന്‍ ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍ കൂടിയായ നസ്താസ വംശീയമായി അധിക്ഷേപിച്ചത്. സെറീനയ്ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെയാണ് നസ്താസ പരിഹസിച്ചത്. ചോക്ലേറ്റും പാലും ചേരുമ്പോള്‍ എന്ത് നിറമായിരിക്കും കുഞ്ഞിന് എന്നാണ് നസ്താസയുടെ ചോദ്യം. മുന്‍ താരത്തിന്റെ പ്രസ്താവനക്കെതിരേ കായിക ലോകത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തെ കുറിച്ച് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞു ജീവനെ പോലും വെറുതെ വിടാത്ത മുന്‍ താരത്തിന്റെ പരിഹാസത്തിന് ചുട്ട മറുപടി നല്‍കാന്‍ സെറീന താമസിച്ചില്ല. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ മറുപടി വന്നത്. പ്രസിദ്ധ അമേരിക്കന്‍ കവയിത്രി മായ ആഞ്ജലോവുവിന്റെ കവിതാ ശകലങ്ങള്‍ ഉദ്ധരിച്ചാണ് സെറീന പ്രതികരിച്ചത്. ''നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ കൊണ്ട് എനിക്ക് നേരെ വെടിയുതിര്‍ക്കും. നിങ്ങള്‍ നിങ്ങളുടെ വെറുപ്പ് കൊണ്ട് എന്നെ കൊല്ലാന്‍ നോക്കും. പക്ഷേ ഒരു കാറ്റിനെ പോലെ വീണ്ടും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും ''. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ പോലും വെറുതെ വിടാത്ത നസ്താസയെ പോലെയുള്ളവരുടെ സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന കാര്യം നിരാശപ്പെടുത്തുന്നതാണ്. ലോകം ഒരുപാട് മുന്നോട്ട് പോയി. നമ്മള്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. പ്രതിബന്ധങ്ങള്‍ ഒരുപാട് നമ്മള്‍ മറികടന്നിട്ടുണ്ട്. ഇനിയും മറികടക്കാനുമുണ്ടെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. വിഷയത്തില്‍ ഇടപെട്ട ടെന്നീസ് ഫെഡറേഷന്റെ നടപടിയില്‍ നന്ദിയറിയിച്ച സെറീന തന്റെ എല്ലാ വിധ പിന്തുണയും അന്വേഷണത്തിലുണ്ടാകുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."