തിരുവാങ്കുളം ബൈപ്പാസ് റോഡ്: ഐ.ഒ.സി സ്ഥലം നല്‍കണമെന്ന് എം.എല്‍.എ
കാക്കനാട്: തിരുവാങ്കുളം ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാകുന്നതിന് സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്ഥലം നല്‍കണമെന്ന് പിറവം എം.എല്‍.എ. അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
മാമല ചിത്രപ്പുഴ ബൈപ്പാസ് റോഡിന്റെ നിര്‍മാണ പുരോഗതി അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ തിരുവാങ്കുളം കരിങ്ങാച്ചിറ പ്രദേശത്തെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും.
നിര്‍ദ്ദിഷ്ട ബൈപ്പാസ് റോഡിന്റെ തുടക്കത്തിലുള്ള ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതില്‍നിന്നും 23 സെന്റ് ഭൂമി സര്‍ക്കാരിന് കോര്‍പ്പറേഷന്‍ നല്‍കിയാലേ നിര്‍മാണ നടപടികള്‍ തുടങ്ങാനാകൂ. പ്രദേശത്തെ ഭാവന്‍സ് സ്‌കൂള്‍ ഒന്നരയേക്കര്‍ സ്ഥലമാണ് സൗജന്യമായി നല്‍കിയത്. കൂടാതെ സമീപവാസികളായ 42 കുടുംബങ്ങളും റോഡിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു.
എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി ലഭിക്കാതെ പദ്ധതി മുന്നോട്ടുപോകില്ല. സ്ഥലത്തിന്റെ വിലയോ പകരം സ്ഥലമോ ലഭിച്ചെങ്കില്‍ മാത്രമേ സ്ഥലം നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.
ഭൂമി നല്‍കാന്‍ സാധ്യമല്ലെങ്കില്‍ ഉടമസ്ഥാവകാശം കോര്‍പ്പറേഷനില്‍ നിലനിര്‍ത്തി റോഡു നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."