തണല്‍മരങ്ങള്‍ കൂട്ടത്തോടെ കടപുഴകുന്നു; മാവൂര്‍-മെഡി. കോളജ് റോഡില്‍ ഭീതി നിറഞ്ഞ യാത്ര
മാവൂര്‍: നിരന്തരം തണല്‍മരങ്ങള്‍ കടപുഴകി വീഴുന്ന മാവൂര്‍- കോഴിക്കോട് റൂട്ടില്‍ യാത്ര ഭീതി വര്‍ധിക്കുന്നു. മാവൂര്‍ പാറമ്മല്‍ മുതല്‍ ചെറൂപ്പ വരെ ഇരുഭാഗത്തുമുള്ള നീര്‍ത്തടങ്ങളില്‍ കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ തണല്‍മരങ്ങള്‍ പലതും അപകട ഭീഷണിയിലാണ്.
കഴിഞ്ഞദിവസം അര്‍ധരാത്രി ചെറൂപ്പ ബാങ്കിനു സമീപം അയ്യപ്പന്‍കാവിനടുത്ത് കൂറ്റന്‍ തണല്‍ മരം റോഡിലേക്കും വൈദ്യുതി ലൈനിലേക്കും കടപുഴകിവീണിരുന്നു. രണ്ടാഴ്ച മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏഴു കൂറ്റന്‍ ചീനി മരങ്ങളാണ് കടപുഴകി വീണത്. ശേഷിക്കുന്ന തണല്‍ മരങ്ങളില്‍ പലതും ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ചില മരങ്ങള്‍ ഭീതിയുളവാക്കുന്ന വിധം ചരിഞ്ഞാണ് നില്‍ക്കുന്നത്.
പല ഭാഗത്തും റോഡില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. നീര്‍ത്തടത്തിലേക്ക് തണല്‍മരങ്ങള്‍ കടപുഴകിയാലും റോഡിന്റ പകുതിയോളം ഭാഗം തകരുന്ന സ്ഥിതിയുണ്ട്. മഴയോ കാറ്റോ ഉള്ള സമയത്ത് ഭീതിയോടെയാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. കഴിഞ്ഞമാസം തണല്‍മരങ്ങള്‍ കൂട്ടമായി നിലംപൊത്തിയപ്പോള്‍ അപകടകരമായ നിലയിലുള്ള തണല്‍ മരങ്ങള്‍ വെട്ടിമാറ്റാനോ ശിഖരങ്ങള്‍ മുറിച്ചുമാറ്റാനോ തീരുമാനിച്ചിരുന്നു. ഇതിന് കരാര്‍ നല്‍കിയതായും വിവരമുണ്ട്. എന്നാല്‍, ഏതാനും മരങ്ങളുടെ കൊമ്പുകള്‍ മാത്രമാണ് വെട്ടിമാറ്റിയത്. മാവൂര്‍ കോഴിക്കോട് റോഡില്‍ ചെറുപ്പ അയ്യപ്പന്‍കാവ്, ആനക്കുഴിക്കര, കുറ്റിക്കാട്ടൂര്‍, വെള്ളിപ്പറമ്പ് ഭാഗങ്ങളിലും കൂറ്റന്‍ ചീനി മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്.
തണല്‍മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീഴുന്നതിനാല്‍ വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെടുന്നുണ്ട്. ചെറൂപ്പയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയം, ചേറാടി, കാര്യാട്ട് താഴത്ത്, റേഷന്‍ കടക്കു സമീപം, കല്‍പ്പള്ളി പാലത്തിനടുത്ത്, കല്‍പ്പള്ളി ജുമാമസ്ജിദിന് സമീപം എന്നിവിടങ്ങളിലാണ് രണ്ടാഴ്ച മുന്‍പ് കൂറ്റന്‍ തണല്‍മരങ്ങള്‍ കടപുഴകിയത്. എല്ലായിടത്തും മെയിന്‍ റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. കാര്യട് വളവില്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."