വിസാ ലംഘനം: ബ്രിട്ടിഷ് എം.പിയെ തിരിച്ചയച്ചു
ന്യൂഡല്‍ഹി: വിസാ ലംഘനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ ബ്രിട്ടിഷ് എം.പിയെ തിരിച്ചയച്ചു. എം.പിയും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ അഭിഭാഷകനുമായ അലക്‌സാണ്ടറിനെയാണ് വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചത്. സന്ദര്‍ശന ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത വിസയാണ് ഉപയോഗിച്ചതെന്ന് കാണിച്ച് എം.പിയെ തിരിച്ചയക്കുകയായിരുന്നു.
ഖാലിദ സിയക്കെതിരായി നടക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാാന രഹിതമാണെന്ന് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതിനായാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. എന്നാല്‍ വിസ അപേക്ഷയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അതിനാലാണ് തിരിച്ചയച്ചതെന്നും വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു. ധാക്കയിലേക്കു കടക്കാന്‍ തനിക്ക് അനുവാദമില്ലാത്തതിനാലാണ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് കേസിനെ കുറിച്ച് വിശദീകരിക്കാന്‍ തീരുമാനിച്ചതെന്ന് അലക്‌സാണ്ടര്‍ കാര്‍ലി വ്യക്തമാക്കി.
നിരവധി ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ് ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി നേതാവായ ഖാലിദ സിയ. കേസുകളെല്ലാം ഖാലിദയെയും കുടുംബത്തെയും രാഷ്ട്രീയത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതിനായി കെട്ടിച്ചമച്ചതാണെന്നാണ് അവരെ അനുകൂലിക്കുന്നവരുടെ വാദം.
2001-2006 കാലഘട്ടത്തില്‍ ഖാലിദ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന സമയത്തെ അഴിമതിക്കേസിലാണ് അവര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."