ഫേസ് മാസ്‌ക്ക്, പി.പി.ഇ കിറ്റ് നിര്‍മാണത്തില്‍ നിര്‍ബന്ധിത സേവനം; ഉയിഗൂര്‍ മുസ്‌ലിങ്ങളെ ഉപദ്രവിക്കാന്‍ കൊവിഡിനേയും ഉപയോഗിച്ച് ചൈന
ബെയ്ജിങ്: ഉയിഗൂര്‍ മുസ്‌ലിങ്ങളെ ഉപദ്രവിക്കാന്‍ കൊവിഡിനേയും ഉപയോഗിച്ച് ചൈന. ലോകമെങ്ങും വ്യാപകമായി പടര്‍ന്നു പിടിക്കുന്ന മഹാമാരിയുടെ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിത സേവനം ആവശ്യപ്പെട്ടാണ് പീഡനം.
ഫേസ് മാസ്‌ക് അടക്കമുള്ള മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ ആവശ്യക്കാരേറിയിരിക്കുകയാണ്. ആഭ്യന്തര-അന്തര്‍ദേശീയ ആവശ്യങ്ങള്‍ക്കായി പി.പി.ഇ കിറ്റുകളുടെ വന്‍കിട ഉല്‍പാദനം ചൈനീസ് കമ്പനികള്‍ നടത്തുന്നുണ്ട്. ഉയിഗൂര്‍ വംശജരെ ഉപയോഗിച്ചാണ് ഇവര്‍ നിര്‍മാണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാറിന്റെ പ്രത്യേക സ്പോണ്‍സേഡ് പദ്ധതി പ്രകാരമാണ് ഉയിഗൂര്‍ വംശജരെ ചൈനീസ് കമ്പനികളില്‍ തൊഴിലാളികളാക്കുന്നതന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പി.പി.ഇ കിറ്റുകള്‍ നിര്‍മിക്കാനാണ് ഇവരെ ഉപയോഗിക്കുന്നത്. ഇവരെകൊണ്ട് നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നതും സാധാരണമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഉയിഗൂര്‍ വംശജരുടെ മേഖലയായ സിന്‍ജിയാങില്‍ കൊവിഡ് മഹാമാരി തുടങ്ങുന്നതിനു മുമ്പ് മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന നാല് കമ്പനികളാണുണ്ടായിരുന്നത്. എന്നാല്‍ ഇതിനു ശേഷം ജൂണ്‍ 30 വരെയുള്ള കണക്ക് നോക്കുമ്പോള്‍ ഇവയുടെ എണ്ണം 51 ആയി ഉയര്‍ന്നു. ഇതില്‍ പതിനേഴെണ്ണം ലേബര്‍ ട്രാന്‍സ്ഫര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നുമുണ്ട്.
തുടക്കത്തില്‍ ആഭ്യന്തര ആവശ്യത്തിനു വേണ്ടിയായിരുന്നു നിര്‍മാണമെങ്കില്‍ ഇപ്പോള്‍ സിന്‍ജിയാങിനു പുറത്തുള്ള കമ്പനികള്‍ ആഗോള ആവശ്യത്തിനായി ഉയിഗൂര്‍ വംശജരെ ഉപയോഗിക്കുന്നുണ്ട്.
ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നും യു.എസിലെ ജോര്‍ജിയയിലെ ഒരു മെഡിക്കല്‍ വിതരണ കമ്പനിയിലേക്ക് ഫേസ് മാസ്‌കുകള്‍ കയറ്റി അയച്ചതായി ടൈംസ് കണ്ടെത്തിയിട്ടുണ്ട്. ഹുബൈയിലെ ഈ ഫാക്ടറിയിലേക്ക് 100 ഉയിഗുര്‍ വംശജരായ തൊഴിലാളികളെ അയച്ചിരുന്നു. ഇവര്‍ ഇവിടെ വെച്ച് ചൈനയോടുള്ള വിശ്വസ്തത തെളിയിക്കുന്നതിന്റെ ഭാഗമായി പ്രതിവാര പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ പങ്കെടുക്കുകയും പ്രതിജ്ഞ ചൊല്ലുകയും വേണം. ദാരിദ്ര നിര്‍മാര്‍ജന പ്രവര്‍ത്തനമെന്നാണ് ഉയിഗൂര്‍ വംശജരെ നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നതിന് ചൈനീസ് ദേശീയ മാധ്യമങ്ങള്‍ വാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."