ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു; ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി
കൊല്ലം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് 2017-18 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് ഐ.ടി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളുടേയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഏകദേശം മുന്നൂറോളം പേര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. നവകേരളസൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയോടൊപ്പം വിമുക്തി മിഷന്റേയും നിര്‍വ്വഹണം ലക്ഷ്യമിട്ടാണ് പഞ്ചവത്സര പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷനായി.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ ശശിധരന്‍ വിഷയം അവതരിപ്പിച്ചു. 2017-18 വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 45.97 കോടി രൂപ, പ്രത്യേക ഘടകപദ്ധതിയായി 21.30 കോടി രൂപ, പട്ടിക വര്‍ഗ ഉപപദ്ധതിയായി 45.56 ലക്ഷം രൂപ എന്നിവയുള്‍പ്പടെ ആകെ 67.73 കോടി രൂപയാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതമായിട്ടുള്ളത്.
2017-18 ലെ കരട് പദ്ധതിരേഖ ചെയര്‍പേഴ്‌സണ്‍ അവതരിപ്പിച്ചു. തുടര്‍ന്ന് 14 വര്‍ക്കിങ് ഗ്രൂപ്പുകളുടേയും വെവ്വേറെയുള്ള ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങള്‍ കണ്‍വീനര്‍മാരായ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ ആസൂത്രണസമിതി ഗവ. പ്രതിനിധി എം. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ എസ്. ജമാല്‍, ആസൂത്രണസമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."