എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; മനപ്പൂര്‍വം തോല്‍പ്പിച്ചതാണെന്ന് ആക്ഷേപം
തിരുവനന്തപുരം: എം.ബി.ബി.എസ് പരീക്ഷയെഴുതിയ തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ 42 പേര്‍ തോറ്റു. മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടായതായും ചില വിദ്യാര്‍ഥികളെ മനഃപൂര്‍വം തോല്‍പ്പിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
2014 ബാച്ചിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ തോറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 22 വിദ്യാര്‍ഥികള്‍ മെഡിസിന്‍ പ്രാക്ടിക്കല്‍ പരീക്ഷക്കും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 20 വിദ്യാര്‍ഥികള്‍ ശിശുരോഗ വിഭാഗത്തിലെ പരീക്ഷക്കുമാണ് തോറ്റത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ തോല്‍വിയാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. ഇവിടെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ഒരു ഡോക്ടറെ മാറ്റാന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് ഈ ഡോക്ടറെ മാറ്റുകയും ചെയ്തു. ഈ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ തോറ്റത് എന്നതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളില്‍ അനുകൂലമായ നിലപാട് ഉണ്ടാകാറില്ലെന്നാണ് തോറ്റ വിദ്യാര്‍ഥികള്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."