പാലക്കാട്ട് കുതിച്ചും കിതച്ചും മുന്നണികള്‍
പാലക്കാട്: തെരഞ്ഞെടുപ്പ് തിയതി അടുത്തുവരുമ്പോള്‍ പാലക്കാട്ട് മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ചങ്കിടിപ്പ് കൂടുകയാണ്. നേരത്തെ കണക്കുകൂട്ടിയിരുന്നതും ഇപ്പോള്‍ കാണുന്നതും തീര്‍ത്തും വിഭിന്നമായ ചിത്രങ്ങളാണ് അവര്‍ക്ക് മുന്നില്‍. പ്രചാരണത്തില്‍ ഇടതുമുന്നണിയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ശബരിമല വിഷയത്തില്‍ മനസുനൊന്ത വിശ്വാസികള്‍ തനിക്കു വോട്ട് ചെയ്യുമെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ തറപ്പിച്ചു പറയുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പി കുറേ ബഹളമുണ്ടാക്കിയെന്നതല്ലാതെ അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ ജനം മനസ്സിലാക്കിയെന്ന് ശ്രീകണ്ഠന്‍ പറയുന്നു. കൂടാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്ര്യവും നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഹങ്കാരവും ഇത്തവണ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാവുമെന്നും യു.ഡി.എഫ് ക്യാംപുകള്‍ പറയുന്നു.
നവോത്ഥാനമെന്ന പേരില്‍ ശബരിമല വിഷയത്തില്‍ ഇടതുബുദ്ധിജീവികളുടെ ചെയ്തികളും വനിതാമതിലിന്റെ പേരിലുയര്‍ന്ന വിവാദങ്ങളും സി.പി.എമ്മിന് വിനയാകാനിടയുണ്ട്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി പീഡന ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫിസില്‍ നടന്ന പീഡനത്തില്‍ പിറന്ന ചോരക്കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ച സംഭവവും സി.പി.എം പറയുന്ന നവോത്ഥാനത്തിന്റെ തനിനിറം പൂറത്താക്കിയെന്നാണ് യു.ഡി.എഫ് വാദം.
2009ലും 2014ലും തുടര്‍ച്ചയായി ജയിച്ചു എന്നതിന്റെ പിന്‍ബലത്തിലാണ് സി.പി.എം ഇത്തവണയും എം.ബി രാജേഷിനെ സ്ഥാനാര്‍ഥിയാക്കിയത്. 2009ല്‍ യു.ഡി.എഫിലെ സതീശന്‍ പാച്ചേനിയോട് ചെറിയ ഭൂരിപക്ഷത്തിലാണ് രാജേഷ് വിജയിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് ഇടതു സ്ഥാനാര്‍ഥി രംഗത്തുള്ളത്. എന്നാല്‍ എം.പി ഫണ്ടിലെ പദ്ധതികള്‍ പെരുപ്പിച്ചുകാട്ടിയതാണെന്ന പരാതിയും ശക്തമാണ്.
കേരളത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായി വിശേഷിപ്പിക്കാറുള്ള പാലക്കാട് ഇത്തവണ ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണ്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. മാലിന്യപ്രശ്‌നത്താല്‍ പാലക്കാട് നഗരസഭ നാറുകയാണ്. നഗരത്തില്‍ മാലിന്യം കൂമ്പാരമായി കെട്ടിക്കിടക്കുന്നു.
മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ ബി.ജെ.പി ഭരണസമിതി അമ്പേ പരാജയപ്പെട്ടെന്ന ആരോപണം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാളിതുവരെ പ്രശ്‌നം പരിഹരിക്കാതെ കിടക്കുമ്പോഴാണ് ഈ നഗരസഭയുടെ തന്നെ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. നഗരസഭ പോലും ഭരിക്കാനറിയാത്തവര്‍ പാര്‍ലമെന്റില്‍ എന്ത് ചെയ്യാനാണെന്ന ചോദ്യം വോട്ടര്‍മാരില്‍ നിന്ന് ഉയരുന്നുണ്ട്. കൂടാതെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന് മത്സരിക്കാനായി മാറ്റിവച്ച മണ്ഡലമായിരുന്നു പാലക്കാട്. ശക്തമായ ഗ്രൂപ്പിസത്തിലൂടെയാണ് കൃഷ്ണകുമാര്‍ സീറ്റ് തരപ്പെടുത്തിയത്.
എ.കെ.ജിയെയും ഇ.കെ നായനാരെയും പാര്‍ലിമെന്റിലേക്കയച്ച പാലക്കാട് ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ്. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഭൂരിപക്ഷമുള്ള ജില്ലയില്‍ സ്വാഭാവികമായും അക്കാലത്ത് ഇടതുപക്ഷത്തോട് ചായ്‌വുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ എന്തു സംഭവിക്കുമെന്നു കണ്ടറിയണം.
1957ലും 1962ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പി. കുഞ്ഞനായിരുന്നു വിജയി. പിന്നീട് 1967ല്‍ ഇ.കെ നായനാരെയും 1971ല്‍ എ.കെ.ജിയെയും ലോക്‌സഭയിലേക്കയച്ച മണ്ഡലം കൂടിയാണ് പാലക്കാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."