അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍
ജിദ്ദ: ഹജ്ജ് കമ്മിറ്റി വഴിയെത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും വേണ്ട ഒരുക്കങ്ങള്‍ മക്കയിലും മദീനയിലും പൂര്‍ത്തിയായതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഇത്തവണ വിപുലമായ സജ്ജീകരണങ്ങളാണ് സഊദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്.
ഹാജിമാരുടെ വിസ മുതല്‍ ചികിത്സക്കുള്ള ഒ.പി ടിക്കറ്റ് വരെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറി. മൊബൈല്‍ ആപ്ലിക്കേഷനും പരിഷ്‌കരിച്ചു.
ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനം ഇത്തവണ ലഭ്യമാക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. തീര്‍ഥാടകരുടെ യാത്രയും താമസവുമെല്ലാം നിയന്ത്രിക്കുന്നതും പരാതികള്‍ കൈകാര്യം ചെയ്യുന്നതും ഇത്തവണ മക്കയിലെ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് വച്ചാണ്.
ആറു കോ -ഓഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 600ല്‍ പരം പേര്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി ഡെപ്യൂട്ടേഷനില്‍ എത്തിയിട്ടുണ്ട്.
കാണാതാവുന്ന ഹാജിമാരെ കണ്ടെത്തുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ജനറല്‍ വെല്‍ഫയര്‍ ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് മക്കയില്‍ അജ്യാദ്, മിസ്ഫല , ഉമ്മുല്‍ ഖുറ റോഡ് , ശിഅബ് ആമിര്‍ എന്നിവിടങ്ങളിലും ബാക്കിയുള്ള ഹാജിമാര്‍ക്ക് അസീസിയയിലെ മഹത്വത്തുല്‍ ബാങ്കിലുമാണ് താമസമൊരുക്കിയിരിക്കുന്നത്.
അസീസിയ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് ഹറമില്‍ എത്തുന്നതിനായി 24 മണിക്കൂറും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
അസീസിയയിലും ശിഅബ് ആമിറിലും 140 കിടക്കകളുള്ള രണ്ട് ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലും 30 ഡിസ്‌പെന്‍സറികളിലുമായി 108 ഡോക്ടര്‍മാരും 142 പാര മെഡിക്കല്‍ സ്റ്റാഫും 242 മറ്റു ജോലിക്കാരും 13 ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."